‘ഭയകൗടില്യലോഭങ്ങള്‍ വളര്‍ക്കില്ലൊരു നാടിനെ’
1424844
Saturday, May 25, 2024 6:55 AM IST
സ്വദേശാഭിമാനി കെ. രാമകൃഷ്ണപിള്ളയുടെ 146 -ാം ജന്മവാര്ഷിക ദിനം ഇന്ന്
നെയ്യാറ്റിന്‍കര : നെയ്യാറ്റിന്‍കരയുടെ ആജീവനാന്ത പത്രാധിപര്‍ സ്വദേശാഭിമാനി കെ. രാമകൃഷ്ണപിള്ളയുടെ 146 -ാം ജന്മവാര്ഷിക ദിനം ഇന്ന്. മലയാള പത്രപ്രവര്‍ത്തന ചരിത്രത്തി്ന്റെ ആചാര്യശ്രേഷ്ഠനായി കണക്കാക്കപ്പെടുന്ന രാമകൃഷ്ണപിള്ള 1878 മെയ് 25 നാണ് ജനിച്ചത്.
അഴിമതിക്കെതിരെ മുഖപ്രസംഗങ്ങളിലൂടെ ശക്തമായി പ്രതികരിച്ച അദ്ദേഹത്തെ തിരുവിതാംകൂറിന്റെ അതിര്‍ത്തിയായ ആരല്വായ് മൊഴി കടത്താന്‍ കൊണ്ടുപോയതും ഈ നെയ്യാറ്റിന്കരയിലൂടെയായിരുന്നു.
ധീരനായ പത്രാധിപരുടെ ഉജ്വല സ്മരണ നിലനിര്‍ത്താന്‍ മാധ്യമ ഗവേഷണ കേന്ദ്രം അടക്കമുള്ള കുറെയേറെ വാഗ്ദാനങ്ങള്‍ മാത്രം വര്‍ഷങ്ങളായി ആവര്‍ത്തിക്കപ്പെടുന്നു. ദീര്‍ഘവീക്ഷണത്തോടെയുള്ള നവീകരണം ആവശ്യമായ സ്വദേശാഭിമാനി ടൗണ്‍ ഹാളും സ്വദേശാഭിമാനി പാര്‍ക്കും നെയ്യാറ്റിന്‍കരയിലുണ്ട്.
പാര്‍ക്കില്‍ അദ്ദേഹത്തിന്റെ അര്‍ധകായ പ്രതിമയുണ്ടെന്നതും അഭിമാനാര്‍ഹമായ വസ്തുത. സ്വദേശാഭിമാനിയുടെ ജന്മ- മരണ വാര്‍ഷിക നാളിലും നാടു കടത്തല്‍ ദിനത്തിലും മാത്രമാണ് ഈ പ്രതിമ കാര്യമായി ശ്രദ്ധിക്കപ്പെടുന്നത്. ഈ നാളുകളില്‍ പ്രതിമയ്ക്കു സമീപം അനുസ്മരണ ചടങ്ങുകളുടെ പരന്പരകളും പ്രതിമയില്‍ ഹാരാര്‍പ്പണം ഉള്‍പ്പെടെയുള്ള പ്രവൃത്തികളും പതിവാണ്.
പുതുതലമുറയിലെ പ്രതിനിധികള്‍ക്കോ മാധ്യമ രംഗവുമായി ബന്ധപ്പെട്ട ഗവേഷകര്‍ക്കോ ചരിത്രാന്വേഷകര്ക്കോ ഗുണകരമായ വിധത്തില്‍ യാതൊന്നും അദ്ദേഹത്തിന്റെ ജന്മനാട്ടിലില്ലെന്നത് സ്വദേശാഭിമാനിയെ വിസ്മരിക്കുന്നതിനു തുല്യമെന്ന ആക്ഷേപം നേരത്തെയുയര്ന്നിട്ടുണ്ടെങ്കിലും അധികൃതരോ ഭരണാധികാരികളോ അതിനെയൊന്നും മുഖവിലയ്ക്കെടുത്തിട്ടില്ല.
ഭയകൗടില്യലോഭങ്ങള്‍ വളര്‍ക്കില്ലൊരു നാടിനെ എന്ന് ആഹ്വാനം ചെയ്ത സ്വദേശാഭിമാനിയുടെ സ്മരണാര്‍ഥം രൂപീകരിച്ച സ്വദേശാഭിമാനി ജേര്‍ണലിസ്റ്റ് ഫോറം പ്രസ് ക്ലബ് നെയ്യാറ്റിന്‍കരയുടെ യു ട്യൂബ് ചാനല്‍ സ്കൂപ്പ് എന്‍ടിഎ ഇന്ന് പ്രവര്‍ത്തനം ആരംഭിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.