കാട്ടാക്കടയിൽ പൂജാസാധനങ്ങളുടെ മൊത്തവിൽപന ശാലയിൽ തീപിടിത്തം: രണ്ടുകോടി രൂപയുടെ നഷ്ടം
1423783
Monday, May 20, 2024 6:30 AM IST
കാട്ടാക്കട: കാട്ടാക്കടയിൽ പൂജാ സാധനങ്ങളുടെ ഹോൾസെയിൽ കടയിൽ വൻ തീ പിടുത്തം. രണ്ടു കോടിയോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
ഞായറാഴ്ച പുലർച്ചെയായി രുന്നു സംഭവം. കാട്ടാക്കട ജംഗ്ഷനു സമീപം ബിഎസ്എൻഎൽ റോഡിൽ പ്രവർത്തിക്കുന്ന മഹാലക്ഷ്മി ഏജൻസീസ് എന്ന മൊത്ത വിൽപനശാലയും മിൽമയുടെ നെയ്യ്, ഐസ്ക്രീം എന്നിവയുടെ വിതരണ ഗോഡൗണുമാണ് പൂർണമായും കത്തി നശിച്ചത്. ജില്ലയിലെ വിവിധയിടങ്ങളിലേക്ക് പൂജാ സാധനങ്ങൾ വിതരണം ചെയ്യുന്നത് ഇവിടെ നിന്നാണ്.
കാട്ടാക്കട, ചെങ്കൽചൂള, തിരുവനന്തപുരം നിലയം, നെയ്യാറ്റിൻകര, നെടുമങ്ങാട്, തുടങ്ങിയ ഇടങ്ങളിൽനിന്ന് അഗ്നിരക്ഷാ സേനയുടെ ഏഴുയൂണിറ്റുകൾ എത്തിയാണ് തീ നിയന്ത്രിച്ചത്. ഗോഡൗണിന്റെ മുൻഭാഗമാണ് ആദ്യം കത്തി തുടങ്ങിയത്.
വൈദ്യുത പോസ്റ്റിൽനിന്നു തീപ്പൊരിയുണ്ടായി പടർന്നതാകാം അഗ്നിബാധയ്ക്കു കാരണമായതെന്ന സാധ്യതയും തള്ളി കളയുന്നില്ല. കർപ്പൂരം, ചന്ദനത്തിരി, എണ്ണ, നെയ്യ്, പൂജയ്ക്ക് ഉപയോഗി ക്കുന്ന തുണികൾ ഉൾപ്പെടെ വൻ ശേഖരമാണ് ഗോഡൗണിൽ ഉണ്ടായിരുന്നത്. എണ്ണപ്പാട്ടകൾ പൊട്ടി തെറിച്ചു. മിൽമ ഉൾപ്പന്നങ്ങൾ സൂക്ഷിച്ചിരുന്ന ഫ്രീസറുകളും കത്തി നശിച്ചു.
ഞായറാഴ്ച പുലർച്ചെ ഒന്നരയോടെ തീപിടിത്തം ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ അഗ്നി രക്ഷാ സേനയേയും കാട്ടാക്കട പോലീസിനേയും വിവരം അറിയിക്കുകയായിരുന്നു. ജെസിബി ഉപയോഗിച്ച് ഇരുമ്പു ഷീറ്റ് കൊണ്ടുള്ള ചുറ്റുമതിൽ പൊളിച്ചുനീക്കി സേനാംഗങ്ങൾക്ക് അകത്തേക്കു പ്രവേശിക്കാനുള്ള വഴിയൊരുക്കിയാണ് രക്ഷാപ്രവർത്തനം നടത്തിയത്.
കടയിൽ സൂക്ഷിച്ചിരുന്ന പണം, കമ്പ്യൂട്ടറുകൾ, ബൈക്ക് ഉൾപ്പെടെയുള്ളവയും വെണ്ണീറായി. കെട്ടിടം പൂർണമായും കത്തി അപകടാവസ്ഥയിൽ ആണ്. ഗോഡൗണിനു പുറത്ത് നിരവധി വാഹനങ്ങൾ പാർക്ക് ചെയ്തിരുന്നു.അഗ്നിരക്ഷാ സേന ആദ്യം ഈ ഭാഗത്തേക്കും സമീപ കെട്ടിടങ്ങളിലേക്കും തീ പടരാതിരിക്കാനുള്ള ശ്രമങ്ങൾ നടത്തി. തീ പിടുത്തത്തിന്റെ കാരണം അന്വേഷിച്ചുവരികയാണെന്ന് പോലീസ് അറിയിച്ചു.
ഫയർഫോഴ്സ് ഉണർന്നില്ലെന്ന് പരാതി
മഹാലക്ഷ്മി ഏജൻസീസിൽ തീപിടിത്തമുണ്ടായ ഉടൻ കാട്ടാക്കട അഗ്നിരക്ഷാസേനയെ വിളിച്ചു എങ്കിലും പ്രതികരണുണ്ടായില്ലെന്ന് ആക്ഷേപം. ഒടുവിൽ കൺട്രോൾ റൂമിൽ ബന്ധപ്പെട്ടാണ് വിവിധ നിലയങ്ങളിൽനിന്നും അഗ്നിരക്ഷായൂണിറ്റുകളെത്തിയത്.
ലാൻഡ് ഫോണിൽ ബെല്ല് കേട്ടെങ്കിലും പ്രതികരണം ഉണ്ടായില്ല എന്നതാണ് ആക്ഷേപം. മഴ സമയങ്ങളിലുൾപ്പെടെ കറണ്ട്പോകുന്ന സമയങ്ങളിലും ഫോണുകൾ പ്രവർത്തനരഹിതമാകുന്നത് പതിവാണെന്നും ആരോപണമുണ്ട്.
നിലവിലെ എല്ലാ സ്റ്റേഷനുകളിലും ഈ പ്രതിസന്ധി നേരിടുന്നുണ്ട്. പൊതുജനങ്ങൾ വിളിക്കുമ്പോൾ ഫോൺ താൽകാലികമായി പ്രതികരിക്കു ന്നില്ലെന്ന മറുപടിയാണു ലഭിക്കു ന്നത്. ചിലപ്പോൾ ബെല്ല് കേൾക്കുകയും പ്രതികരണം ലഭിക്കാതിരിക്കുകയും ചെയ്യുന്നുണ്ട്.
ഇലക്ട്രിക്ക് പോസ്റ്റ് ദുരന്തമോ..?
ഈ സ്ഥാപനത്തിനു സമീപത്തു നിൽക്കുന്ന വൈദ്യുത തൂൺ അപകടകാരിയോയെന്നാണ് നാട്ടുകാർ ഉന്നയിക്കുന്ന ചോദ്യം. വൈദ്യുത തൂൺ വയറുകളുടേയും കേബിളുകളുടേയും ഒരു കൂടാരമാണ്. അടുത്തിടെ ഈ പോസ്റ്റിൽ നിരന്തരമായി സ്പാർക്കിംഗ് നടന്നിരുന്നതായി നാട്ടുകാർ പറയുന്നു. ഈ വിവരം നാട്ടുകാർ ബോർഡിനെ അറിയിക്കുകയും ചെയ്തിരുന്നു.
എന്നാൽ അതു പരിശോധിക്കാനോ നടപടി എടുക്കാനോ അവർ തയാറിയില്ലെന്നും നാട്ടുകാർ പറയുന്നു. ഈ തീപിടിത്തത്തിനു പിന്നിൽ ഇതിനു പങ്കുണ്ടോ എന്ന സംശയവും നാട്ടുകാർ ഉന്നയിക്കുന്നു.