സാംസ്കാരികനിലയത്തിൽ തയ്യൽ മെഷീനുകളെത്തിച്ചു; സിപിഎം പ്രതിഷേധത്തെ തുടർന്ന് തിരിച്ചയച്ചു
1417180
Thursday, April 18, 2024 6:31 AM IST
കാട്ടാക്കട: മാറനല്ലൂർ പഞ്ചായത്തംഗത്തിന്റെ നേതൃത്വത്തിൽ സാംസ്കാരിക നിലയത്തിലെത്തിച്ച തയ്യൽ മെഷീനുകൾ സിപിഎം പ്രതിഷേധത്തെതുടർന്നു കൊണ്ടുവന്ന വാഹനത്തിൽ തന്നെ തിരിച്ചയച്ചു.
ഇന്നലെ രാവിലെ എട്ടുമണിയോടെയാണ് മാറനല്ലൂർ പഞ്ചായത്തംഗം എൻ. ഷിബുവിന്റെ നേതൃത്വത്തിൽ ലോറിയിൽ കൊണ്ടുവന്ന 153 തയ്യൽ മെഷീനുകൾ സാംസ്കാരിക നിലയത്തിൽ ഇറക്കി വച്ചത്. തുടർന്ന് ഇവിടെയെത്തിയ സിപിഎം പ്രവർത്തകർ പ്രതിഷേധിക്കുകയും ഇറക്കിവച്ച മെഷീനുകൾ തിരികെ കൊണ്ടു പോകണമെന്ന് അറിയിക്കുകയുമായിരുന്നു.
ഇലക്ഷൻ കമ്മീഷൻ അധികൃതർക്ക് പരാതി നൽകിയതിനെ തുടർന്ന് അധികകൃതരെത്തി പരിശോധന നടത്തുകയും പഞ്ചായത്തിന്റെ അനുമതിയില്ലാതെ സാംസ്കാരികനിലയിത്തിൽ ഇവ സൂക്ഷിക്കാൻ പാടില്ലെന്നും പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ ഇപ്പോൾ വിതരണം ചെയ്യാൻ പാടില്ലെന്നും അറിയിച്ചു.
പഞ്ചായത്തിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന സ്ത്രീകൾക്ക് സബ്സിഡി നിരക്കിൽ വിതരണം ചെയ്യുന്നതിനുവേണ്ടിയാണു തയ്യൽ മെഷീനുകൾ എത്തിച്ചതെന്നാണ് പഞ്ചായത്തംഗം ഷിബു പറഞ്ഞത്. നാഷണൽ എൻജിഒ കോൺഫഡറേഷൻ എന്ന സംഘടന വഴിയാണ് ഇത്തരത്തിൽ തയ്യൽ മെഷീനുകൾ വിതരണം നടത്തുന്നത്. കൊല്ലം ജില്ലയിലും ഇത്തരത്തിൽ വനിതകൾക്ക് സ്കൂട്ടർ, വിദ്യാർഥികൾക്ക് ലാപ്ടോപ്പ് എന്നിവയുടെ വിതരണവും നടന്നിട്ടുണ്ടെന്നും പഞ്ചായത്തംഗം പറഞ്ഞു.
തയ്യൽ മെഷീന്റെ പകുതി വില മാത്രം ഈടാക്കിയാണ് ഇവർക്ക് ഗുണഭോക്താക്കൾക്ക് വിതരണം ചെയ്യുന്നത്. പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ ഇലക്ഷൻ കഴിഞ്ഞ ശേഷമാണ് ഇതു വിതരണം ചെയ്യാൻ ഉദ്ദേശിച്ചിട്ടുള്ളതെന്നും സൂക്ഷിക്കാൻ വേണ്ടിയാണ് സാംസ്കാരിക നിലയത്തിൽ ഇറക്കി വച്ചതെന്നും, പഞ്ചായത്ത് പ്രസിഡന്റിനോട് ഇക്കാര്യം സൂചിപ്പിച്ചിട്ടുണ്ടെന്നും, ഷിബു പറഞ്ഞു.