യാ​ത്ര​ക്കാ​ർ​ക്ക് ദുരിതം സമ്മാനിച്ച് മേ​പ്പൂ​ക്ക​ട താ​ലൂ​ക്ക് ആ​ശു​പ​ത്രി റോ​ഡ്
Saturday, March 2, 2024 6:12 AM IST
കാ​ട്ടാ​ക്ക​ട: യാ​ത്ര​ക്കാ​ർ​ക്ക് ദു​രി​തം സ​മ്മാ​നി​ച്ച് മ​ല​യി​ൻ​കീ​ഴ് പ​ഞ്ചാ​യ​ത്തി​ലെ മ​ല​യി​ൻ​കീ​ഴ് - മേ​പ്പൂ​ക്ക​ട താ​ലൂ​ക്ക് ആ​ശു​പ​ത്രി റോ​ഡ്. വ​ൻ​കു​ഴി​ക​ൾ രൂ​പ​പ്പെ​ട്ട് വ​ർ​ഷ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും അറ്റകുറ്റപ്പണികൾ ചെയ്യാനുള്ള ശ്ര​മ​ങ്ങ​ൾ ഇ​തു​വ​രേ​യും നടന്നിട്ടി​ല്ലെ​ന്നും ആ​ക്ഷേ​പം.

റോ​ഡി​നു കു​റു​കെ ഇ​ട​വി​ട്ടി​ട​വി​ട്ട് ചാ​ലു​ക​ൾ രൂ​പ​പ്പെ​ട്ട നി​ല​യിലാ​ണി​പ്പോ​ൾ. കാ​ൽ​ന​ട​പോ​ലും സാ​ധ്യ​മ​ല്ലാ​താ​യി​ട്ടും കാ​ല​മേ​റെയാ​യി. ഇ​തു​വ​ഴി ആ​ശു​പ​ത്രി​യി​ലെ​ത്തു​ന്ന​വ​ർ ന​ന്നേ ബു​ദ്ധി​മു​ട്ട് അ​നു​ഭ​വി​ക്കു​ക​യാ​ണ്.

കാ​ട്ടാ​ക്ക​ട ഭാ​ഗ​ത്തു​നി​ന്ന് ഊ​രൂ​ട്ട​മ്പ​ലം റോ​ഡി​ലൂ​ടെ അ​ന്തി​യൂ​ർ​ക്കോ​ണം, കാ​ട്ടാ​ക്ക​ട പോ​കാ​നു​ള്ള മാ​ർ​ഗ​ങ്ങ​ളി​ൽ പ്ര​ധാ​ന​പ്പെ​ട്ട​താ​ണ് മേ​പ്പൂ​ക്ക​ട ആ​ശു​പ​ത്രി റോ​ഡ്. മ​ല​യി​ൻ​കീ​ഴ് ജം​ഗ്ഷ​നി​ൽ ഗ​താ​ഗ​ത​ക്കു​രു​ക്ക് ഉ​ണ്ടാ​കു​മ്പോ​ഴും മ​റ്റു യാ​ത്രാ​ബു​ദ്ധി​മു​ട്ടു​ക​ൾ നേ​രി​ടു​മ്പോ​ഴും ഇ​തു​വ​ഴി​യാ​ണ് ഗ​താ​ഗ​തം ന​ട​ത്തു​ന്ന​ത്.

നി​ര​വ​ധി കു​ടും​ബ​ങ്ങ​ളാ​ണ് റോ​ഡി​നി​രു​വ​ശ​ത്തു​മാ​യി താ​മ​സി​ക്കു​ന്ന​ത്. റോ​ഡ് ന​വീ​ക​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി പ്ര​ദേ​ശ​വാ​സി​ക​ൾ നി​ര​വ​ധി ത​വ​ണ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രെ സ​മീ​പി​ച്ചെ​ങ്കി​ലും ന​ട​പ​ടി​യു​ണ്ടാ​യി​ട്ടി​ല്ല.

അ​ടു​ത്തി​ടെ പൈ​പ്പ് ലൈ​ൻ സ്ഥാ​പി​ക്കാ​നെ​ടു​ത്ത റോ​ഡി​ലെ കു​ഴി​യും യാ​ത്രാ​ക്ലേ​ശം ഇ​ര​ട്ടി​ച്ചി​ട്ടു​ണ്ട്. കു​ഴി​ക​ളി​ൽവീ​ണ് ഇ​രു​ച​ക്ര വാ​ഹ​ന​യാ​ത്രി​ക​ർ അ​പ​ക​ട​ത്തി​ലാ​കു​ന്ന​ത് പ​തി​വാ​യി​രി​ക്കു​ക​യാ ണെ​ന്നും നാ​ട്ടു​കാ​ർ പ​റ​യു​ന്നു.