വണ്ടന്നൂരിലെ റോഡിലുണ്ടായ ഗര്‍ത്തം മാറ്റാൻ നടപടിയായില്ല: നിർത്തലാക്കിയ കെഎസ്ആർടിസി ബസ് സർവീസുകൾ ആരംഭിച്ചു
1373998
Tuesday, November 28, 2023 12:42 AM IST
കാട്ടാക്കട: വണ്ടന്നൂരില്‍ റോഡിലുണ്ടായ ഗര്‍ത്തം നികത്താൻ നടപടിയായില്ല. കാട്ടാക്കട-നെയ്യാറ്റിന്‍കര റോഡില്‍ ഒരുമാസം മുമ്പു നിർത്തിവച്ച ഗതാഗതം പു നഃസ്ഥാപിച്ചു.
ഗർത്തം രൂപപ്പെട്ട തിനെ തുടർന്ന് അടച്ചിട്ടിരുന്ന റോഡ് യാത്രക്കാരുടെ നിരന്തരപരാതിയെ തുടര്‍ന്നാണ് തുറന്നത്. ാട്ടാക്കടയിൽനിന്നു നെയ്യാറ്റിന്‍കരയിലേക്കും തിരിച്ചുമുള്ള ബസ് സര്‍വീസുകള്‍ റോഡിന്റെ തകര്‍ച്ചയെ തുടര്‍ന്നു കീളിയോട് - മേലാരിയോട് വഴിയാണ് തിരിച്ചു വിട്ടിരുന്നത്.
ചരക്കു വാഹനങ്ങളും ചെറിയ സമാന്തര വാഹനങ്ങളും റോഡിൽ കുഴി രൂപപ്പെട്ടതിനുശേഷവും ഒരുവശത്തുകൂടി കടന്നുപോകുന്നുണ്ട്.ഇതു ചൂണ്ടിക്കാട്ടിയാണ് ബസ് സര്‍വീസ് പുനഃരാരംഭിക്കണമെന്ന നാട്ടുകാരുടെ ആവശ്യം ശക്തമായത്.
കാട്ടാക്കട-നെയ്യാറ്റിന്‍കര റൂട്ടില്‍ ഓടുന്ന ബസുകള്‍ ചുറ്റിക്കറങ്ങി പോകുന്നതു കാരണം യാത്രക്കാരുടെ എണ്ണം കുറഞ്ഞതും, സാമ്പത്തികമായി അധിക ചെലവുണ്ടാകുന്നതും കണക്കിലെടുത്താണ് സര്‍വീസുകള്‍ നടത്താന്‍ കെഎസ്ആര്‍ടിസി അധികൃതര്‍ തയാറായത്.
പണി നടക്കുമ്പോള്‍ മാത്രം ഇനി സര്‍വീസുകള്‍ വഴി തിരിച്ചു വിടുന്നതിനാണ് നിലവിൽ തീരുമാനമെടുത്തിരിക്കുന്നത്. നേരത്തെ വഴിയടച്ചതിനു പിന്നാലെ നിർമാണം ഉടൻ ആരംഭിക്കുമെന്നാണ് അധികൃതര്‍ അറിയിച്ചിരുന്നത്.
എന്നാല്‍ മാസം ഒന്നു പിന്നിട്ടെങ്കിലും പണി വൈകുന്നതിനെ തുടര്‍ന്ന് ബാരിക്കേടുകള്‍ യാത്രക്കാര്‍ തന്നെ മാറ്റിവച്ചു യാത്ര തുടര്‍ന്നിരുന്നു. പോലീസുകാർ രാത്രി കാലങ്ങളില്‍ അടച്ചുവയ്ക്കുന്ന ബാരിക്കേടുകള്‍ യാത്രക്കാര്‍ മാറ്റിയിടുന്നത് തലവേദനയായി മാറിയതായി പോലീസ് പറയുന്നു.
മാറനല്ലൂര്‍ സ്റ്റേഷനിലെ പോലീസുകാരുടെ കുറവു മൂലം പലപ്പോഴും പ്രശ്നങ്ങളുണ്ടാക്കുന്നുണ്ട്. വലിയ വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ അപകട സാധ്യത ഉണ്ടാകാന്‍ സാധ്യതയുണ്ടെങ്കിലും അധികൃതർ കണ്ണടയ്ക്കുന്നുണ്ട്.