വെള്ളക്കടലാസില്‍ വിരിയുന്നു, വിശ്വപ്രസിദ്ധരുടെ മുഖങ്ങള്‍
1549476
Saturday, May 10, 2025 6:51 AM IST
നെയ്യാറ്റിന്‍കര : നെല്‍സണ്‍ മണ്ഡേല മുതല്‍ സ്റ്റീഫന്‍ ന് ഹോക്കിംഗ്സ് വരെയും മിസ്റ്റര്‍ ബീന്‍ മുതല്‍ മഞ്ജു വാര്യര്‍ വരെയും ആഷിക്കിന്റെ വരകളില്‍ തെളിയുന്പോള് കാഴ്ചക്കാരന് തീര്‍ച്ചയായും ചിത്രകാരനെ അനുമോദിക്കും.
ഇമേജ് ചിത്രകലാ വിദ്യാലയം സംഘടിപ്പിച്ചിരിക്കുന്ന ഇമേജോത്സവിലാണ് ആഷിക്കിന്റെ പെന്‍സില്‍ ഷെയ്ഡ് ചിത്രങ്ങള്‍ ശ്രദ്ധേയമാകുന്നത്. കുളത്തൂര്‍ പറയംവിള വിജയ് ഭവനില്‍ വിജയകുമാറിന്റെയും ഗീതയുടെയും മകന് ആഷിക് വിജയ് നാലാം ക്ലാസ് മുതൽ വരയുടെ ലോകത്ത് സജീവമാണ്.
നിറക്കൂട്ടുകളാല്‍ കാഴ്ചയുടെ വിസ്മയം വിരിയിക്കുന്നതിനെക്കാള് ആഷിക്കിന് താത്പര്യം ഗ്രാഫൈറ്റ് പെന്‍സിലിന്റെ സഹായത്തോടെയുള്ള ഷെയ്ഡിംഗ് രീതിയാണ്. വിരാലി എല്‍എംഎസ് സ്കൂള്‍, വിമല ഹൃദയ സ്കൂള്‍, കുളത്തൂര്‍ ഗവ. എച്ച് എസ്എസ് എന്നിവിടങ്ങളില്‍ പഠിച്ചിരുന്നപ്പോഴൊക്കെയും വരകളോട് വല്ലാത്ത ഹൃദയാഭിമുഖ്യം പുലര്‍ത്തി. മറ്റു ചിത്രകലാ രീതികളിലും ആഷിക് ഒട്ടും പിറകിലല്ല.
കെഎസ്ആര്‍ടിസി പൂവാര്‍ ഡിപ്പോയില്‍ കണ്ടക്ടറായ പിതാവും വിരാലി സിഎസ്ഐ നഴ്സറി സ്കൂൾ സ്റ്റാഫായ മാതാവും സഹോദരങ്ങളായ ആഷിനും ആന്ജിയയും ആഷിക്കിനെ കലയില്‍ പ്രോത്സാഹിപ്പിക്കാറുണ്ട്. ആഷിനും മികച്ച ചിത്രകാരനാണ്.