അപകടാവസ്ഥയിലുള്ള ആല്‍മരം മുറിച്ചു മാറ്റാത്തതിൽ പ്രതിഷേധം
1338072
Monday, September 25, 2023 12:19 AM IST
വെള്ളറട: വെള്ളറട ഗവ.യുപിഎസിന് സമീപത്തെ ഭീമന് ആല്‍മരമാണ് പ്രദേശവാസികള്‍ക്ക് ഭീഷണിയായി മാറുന്നത്. കാലപ്പഴക്കം ചെന്ന മരം ഏതുസമയവും നിലംപതിക്കുമെന്ന അവസ്ഥയിലാണ്.
മാസങ്ങള്‍ക്കുമുമ്പ് വനംവകുപ് ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തുകയും ഉടന്‍ മുറിച്ചു മാറ്റാമെന്ന് അറിയിപ്പു നല്‍കിയെങ്കിലും നാളിതുവരെയായിട്ടും മരം മുറിച്ചുമാറ്റാനുള്ള യാതൊരു നടപടിയും ഉണ്ടായിട്ടില്ല.
മരത്തിലെ വലിയ ചില്ലകള്‍ ഒടിഞ്ഞു സമീപത്തെ ട്രാന്‍സ്ഫോമറിന് മുകളില്‍ പതിക്കുകപതിവാണ്. ഇന്നലെ രാവിലെ 10 ന് ട്രാന്‍സ്ഫോമറിന് മുകളില്‍ ഭീമന് മരച്ചില്ല ഒടിഞ്ഞുവീണു തീപിടിത്തവുമുണ്ടായി.
ഇതേതുടർന്ന് പ്രദേശത്തെ വൈദ്യുതിബന്ധം വിച്ഛേദിക്കപ്പെട്ടു. സംഭവത്തെതുടർന്ന് വെള്ളറട കെഎസ്ഇബി സെക്ഷന്‍ ഓഫീസില്‍ നിന്നും ജീവനക്കാരെത്തി 11 കെവിലൈനിനു പുറത്തു കിടന്ന മരച്ചില്ല നീക്കം ചെയ്തശേഷം വൈദ്യുതി ബന്ധം പുന:സ്ഥാപിച്ചു.
നൂറുകണക്കിനു വിദ്യാര്‍ഥികള്‍ സമീപത്തെ ഗവ.യുപി സ്കൂളില്‍ പഠിക്കുന്നുണ്ട്. എപ്പോഴും തിരക്കുള്ള പ്രദേശമാണിവിടം. എത്രയുംപെട്ടന്ന് മരം മുറിച്ചുമാറ്റി അപകടാവസ്ഥ ഒഴിവാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് കെ .ജി.മംഗള്‍ദാസ് ആവശ്യപ്പെട്ടു.