തകർന്നു തരിപ്പണമായി ഉള്ളൂർ-കേശവദാസപുരം റോഡ്
1337372
Friday, September 22, 2023 1:26 AM IST
മെഡിക്കൽ കോളജ്: രണ്ടുമാസമായി തകർന്നു കിടക്കുന്ന ഉള്ളൂർ-കേശവദാസപുരം റോഡ് ഭാര വാഹനങ്ങൾക്കുൾപ്പെടെ ഭീഷണി സൃഷ്ടിക്കുന്നു.
ഉള്ളൂർ ജംഗ്ഷനിൽനിന്ന് നഗരപ്രാന്തത്തിലേക്കു കടക്കുന്ന പിഡബ്ല്യുഡി റോഡാണ് ദുരവസ്ഥയിലായിരിക്കുന്നത്. രണ്ടുമാസംമുമ്പ് റോഡ് പൊട്ടിപ്പൊളിഞ്ഞ സമയത്ത് നാട്ടുകാർ അധികാരികൾക്ക് പരാതി നൽകിയിരുന്നുവെങ്കിലും നടപടിയുണ്ടാ യില്ല. മഴ കടുത്തതോടെ കുഴികളിൽ വെള്ളം കെട്ടിനിൽക്കുന്നത് യാത്രാ ദുരിതമാക്കുന്നുണ്ട്.
കേശവദാസപുരത്തുനിന്ന് ഉള്ളൂർ, മെഡിക്കൽ കോളജ് ഭാഗങ്ങളിലേക്കും തിരിച്ചും നൂറുകണക്കിനു വാഹനങ്ങളാണു ദിനംപ്രതി സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. കെഎസ്ആർടിസി- സ്വകാര്യ ബസുകളും നിരന്തരം സർവീസ് നടത്തുന്ന ഭാഗമാണി ത്.
ഉള്ളൂരിൽനിന്ന് എൻഎച്ച് റോഡിലേക്ക് കടന്നു പോകുന്ന സൂപ്പർഫാസ്റ്റ് ബസുകൾ ഉൾപ്പെടെ പലപ്പോഴും കുഴികളിൽ വീഴു ന്നുണ്ട്. കേശവദാസപുരത്തുനിന്നു പാലംകടന്ന് ഉള്ളൂർ ഭാഗത്തേക്ക് പോകുന്ന ഇരുചക്ര വാഹനങ്ങളാണ് ഏറ്റവും കൂടുതൽ ഭീഷണി നേരിടുന്നത്.
മഴക്കാലത്തിനുമുമ്പ് റോഡ് അറ്റകുറ്റപ്പണി നടത്താനുള്ള മനോഭാവവും അധികാരികൾ പുലർത്തിയില്ല. ദിനംപ്രതി കുഴി വലുതായി വരുന്നതിനാൽ രാത്രി യാത്രയും ഭീഷണിയുടെ നിഴലിലാണ്.