സാമൂഹ്യ വിരുദ്ധർ ഏത്തവാഴകൾ നശിപ്പിച്ചു
1337367
Friday, September 22, 2023 1:26 AM IST
നെടുമങ്ങാട്: കുലച്ചതും അല്ലാത്തതുമായ ഏത്തൻ വാഴകൾ സാമൂഹ്യവിരുദ്ധർ നശിപ്പിച്ചതായി പരാതി. ഇരിഞ്ചയം ഇന്ദിരാലയത്തിൽ ജി. വേലപ്പൻ നായർ ആനാട് പഞ്ചായത്തിൽ വേങ്കവിള ജംഗ്ഷനിലെ പുരയിടത്തിൽ കൃഷിയിറക്കിയിരുന്ന വാഴകളാണ് സാമൂഹ്യവിരുദ്ധർ വെട്ടി നശിപ്പിച്ചത്.
കുറച്ചുനാളുകളായി ഈ പ്രദേശത്ത് രാത്രികാലങ്ങളിൽ സാമൂഹിക വിരുദ്ധരുടെ ശല്യം വർധിച്ചുവരുന്നതായി പരാതിയുണ്ട്. രാത്രി സമയങ്ങളിൽ പോലീസിന്റെ നൈറ്റ് പട്രോ ളിംഗ് ഈ ഭാഗത്ത് ഇല്ലാത്തത് സാമൂഹിക വിരുദ്ധർക്ക് സഹായകമായി മാറിയിട്ടുണ്ടെന്നു നാട്ടുകാർ പറഞ്ഞു.
രാത്രികാലങ്ങളിൽ ഈ ഭാഗങ്ങളിൽ പരസ്യമായി മദ്യപാനവും, ലഹരി വസ്തുക്കളുടെ വില്പനയും തകൃതിയായി നടക്കുന്നതായി പൊലീസിന് അറിയിച്ചിട്ടും വേണ്ട മുൻകരുതുകൾ എടുക്കാത്തതാണ് സാമൂഹിക വിരുദ്ധശല്യം വീണ്ടും വർധിക്കാൻ കാരണമെന്ന് നാട്ടുകാർ പറഞ്ഞു.
മാസങ്ങൾക്കുമുമ്പ് ഈ പ്രദേശത്തുനിന്നു വിളഞ്ഞ വാഴക്കുലകളും മരിച്ചീനിയും തേങ്ങയും കരിക്കുമെല്ലാം മോഷണം പോകുന്നതു സംബന്ധിച്ച് നിരവധി പരാതികൾ ഉയർന്നിരുന്നു.
വാഴക്കുലകൾ വെട്ടിനശിപ്പിച്ചവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടു കർഷകനായ വേലപ്പൻ നായർ നെടുമങ്ങാട് പോലീസിൽ പരാതി നൽകി.