അലുമിനിയം ഫ്രെയിം മോഷ്ടിച്ച പ്രതികൾ അറസ്റ്റിൽ
1336875
Wednesday, September 20, 2023 5:28 AM IST
നെടുമങ്ങാട് : അലുമിനിയം ഫ്രയിം മോഷണ കേസിലെ പ്രതികൾ അറസ്റ്റിൽ. നെടുമങ്ങാട് മഞ്ച പേരുമല തടത്തരികത്ത് വീട്ടിൽ ഷൈജു (38), പൂവത്തുർ ചെല്ലാംങ്കോട് സ്വദേശി രാജീവ് (42) എന്നീവരെയാണ് നെടുമങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്. വാളിക്കോട് റിംസ് ആശുപത്രി കെട്ടിടത്തിന്റെ മൂന്നാം നിലയിലെ അലുമിനിയം ചുമർപാളി പൊളിച്ചു മാറ്റി 4000 രൂപ വിലവരുന്ന പതിനൊന്ന് കഷണം അലുമിനിയം ഫ്രയിമുകളാണ് പ്രതികൾ മോഷ്ടിച്ചത്.
ആശുപത്രിക്ക് സമീപം താമസിക്കുന്നയാളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്. കേസിലെ ഒന്നാം പ്രതി ഷൈജുവിന് തിരുവനന്തപുരം സിറ്റി, കരമന പോലീസ് സ്റ്റേഷനുകളിൽ കൊലപാതക കേസും, നെടുമങ്ങാട് പോലീസ് സ്റ്റേഷനിൽ പത്തോളം ക്രിമിനൽ കേസുകളും നിലവിലുള്ളതായി പോലിസ് പറയുന്നു.
നെടുമങ്ങാട് എസ്എച്ച്ഒ ശ്രീകുമാരൻ നായരുടെ നേതൃത്വത്തിൽ എസ്.ശ്രീലാൽ ചന്ദ്രശേഖർ, ജോസ് ആന്റണി, സിപിഒ വൈശാഖ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.