തടിക്കടയിലും എടിഎം കൗണ്ടറിലും മോഷണം ജാർഖണ്ഡ് സ്വദേശി പിടിയിൽ
1300679
Wednesday, June 7, 2023 12:11 AM IST
ബാലരാമപുരം: ഉച്ചക്കടയിൽ തടിക്കടയിലും സമീപം എടിഎം കൗണ്ടറിലും മോഷണം നടത്തിയ കേസിൽ ജാർഖണ്ഡ് സ്വദേശിയെ ബാലരാമപുരം പോലീസ് അറസ്റ്റ് ചെയ്തു.
ജാർഖണ്ഡ് സഹേബ് ഗഞ്ചി ജില്ലയിൽ പൂർവാർഡിൽ ബിഷ്ണു മണ്ഡൽ(33) ആണ് പിടിയിലായത്. ഉച്ചക്കടയിൽ അതിഥിത്തൊഴിലാളി കേന്ദ്രത്തിലെ അന്തേവാസിയാണ്. നാലിനു പുലർച്ചെ ഒരുമണിയോടെയായിരുന്നു സംഭവം. ഉച്ചക്കടയിലുള്ള ഇന്ത്യ ഒൺ എടിഎം കൗണ്ടറിലെ ഡിവിആർ, മോഡം, കാമറ എന്നിവയാണ് ആദ്യം മോഷ്ടിച്ചത്. പിന്നാലെ ഉച്ചക്കടയിലെ തടിക്കടയിൽ മേശയിൽ സൂക്ഷിച്ചിരുന്ന 5,500 രൂപയും മോഷ്ടിച്ചു. കള്ളൻ ഓടിമറയുന്ന ദൃശ്യങ്ങൾ കടയിലെ സിസിടിവി ദൃശ്യങ്ങളിൽ തെളിഞ്ഞിരുന്നു. കടയുടമ ഉച്ചക്കട മുള്ളുവിളവീട്ടിൽ ചന്ദ്രന്റെ പരാതിയിൽ പോലീസ് കേസെടു ത്തു പ്രതിയെ പിടികൂടുകയായിരുന്നു.
സിസിടിവി ദൃശ്യങ്ങളിൽനിന്നും ലഭിച്ച തെളിവിനെ തുടർന്നു മോഷ്ടാവ് അതിഥിതൊഴിലാളി കേന്ദ്രത്തിലെ താമസക്കാരനാണെന്നു സ്ഥിരീകരിക്കുകയായിരുന്നു. പേരൂർക്കട വട്ടിയൂർക്കാവ് മുക്കോല റോസ് ഗാർഡർ തിരുവാതിര വീട്ടിൽ രഘുനാഥപിള്ളയുടെ മകൻ പ്രേംകുമാറിന്റെ ഉടമസ്ഥതയിലുള്ളതാണ് എടിഎം കൗണ്ടർ. ഉച്ചക്കടയിൽ നാരായണ ട്രേഡിംഗ് ഏജൻസി നടത്തിവരുകയാണ് ഇദ്ദേഹം. എടിഎമ്മിൽ നടത്തിയ മോഷണത്തിൽ 60,000 രൂപയുടെ നഷ്ടം സംഭവിച്ചതായി ഉടമ പറഞ്ഞു. ബിഷ്ണു മണ്ഡലിനെ കോടതി റിമാൻഡു ചെയ്തു.