കാടുകയറി ദിശാബോർഡ്; വൃത്തിയാക്കാൻ നടപടിയില്ല
1300187
Sunday, June 4, 2023 11:56 PM IST
മെഡിക്കൽ കോളജ്: നൂറുകണക്കിനു വാഹനയാത്രികർക്ക് ദിശ തെറ്റാതെ സഞ്ചരിക്കാൻ സഹായകമായ ദിശാബോർഡ് കാടുകയറിയ നിലയിൽ.
എൻഎച്ച് റോഡിൽ ഉള്ളൂർ ജംഗ്ഷനിൽ ഇടതുവശത്തായാ ണ് ബോർഡ് സ്ഥിതി ചെയ്യുന്നത്. മഴക്കാലം പിന്നിട്ടശേഷം ശുചീകരണം കാര്യമായി നടക്കാതെ വരുന്നതോടുകൂടിയാണ് പാഴ്ച്ചെടികളും വള്ളിപ്പടർപ്പുകളും ബോർഡിനു മുകളിലേക്ക് പടർന്നു കയറുന്നത്. വള്ളിച്ചെടികൾ കാഴ്ചമറയ്ക്കുന്നതിനാൽ ബോർഡ് തിരിച്ചറിയാൻ സാധിക്കാത്ത വിധത്തിലേക്ക് നീങ്ങുകയാണ്. പ്രധാനപ്പെട്ട ജംഗ്ഷനുകൾ തിരിച്ചറിയുന്നതിനുവേണ്ടി സഹായകമായ ബോർഡാണ് കാടുമൂടി കിടക്കുന്നത്. ഇതിനു സമീപത്തു തന്നെയാണ് ബസ് വെയിറ്റിംഗ് ഷെഡ് സ്ഥിതി ചെയ്യുന്നത്. റോഡിൽ പിഡബ്ല്യുഡി അധികൃതർ പല ഭാഗങ്ങളിലായി യാത്രാസൂചകങ്ങൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും അവയിൽ പലതും ദ്രവിച്ചും കാടുമൂടിയുമുള്ള അവസ്ഥയിലാണ്. കാടുമൂടിയ ബോർഡുകൾ ശുചീകരിക്കുന്നതിനോ പകരംബോർഡുകൾ സ്ഥാപിക്കുന്നതിനോ അധികൃതർ അടിയന്തര നടപടികൾ സ്വീകരിക്കേണ്ടതുണ്ട്. അതു വാഹനയാത്രികർക്കും വഴിയാത്രികർക്കും ഒരുപോലെ പ്രയോജനപ്പെടുമെ ന്ന് പ്രദേശവാസികൾ പറയുന്നു.