മെഡിക്കൽ കോളജ് പരിധിയിൽ മോഷണം തുടർക്കഥയാകുന്നു
1297911
Sunday, May 28, 2023 3:05 AM IST
മെഡിക്കല്‍ കോളജ്: തിരുവനന്തപുരം മെഡിക്കല്‍ കോളജ് പൊലീസ് സ്റ്റേഷന് പരിധിയിൽ തസ്കരന്മാർ വിലസുന്നു, ഭീതിയോടെ ജനങ്ങൾ!.
കഴിഞ്ഞ ആറു മാസത്തിനുളളില്‍ പോലീസ് സ്റ്റേഷന് പരിധിക്കുള്ളില്‍ നിരവധി കവര്‍ച്ചാ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇതില്‍ ഏറെയും മെഡിക്കല്‍ കോളജ് ആശുപത്രിയ്ക്കുള്ളില്‍ തന്നെയാണ്. ആശുപത്രി പരിസരം പകലെന്നോ രാത്രിയെന്നോ വ്യത്യാസമില്ലാതെ സാമൂഹ്യ വിരുദ്ധര്‍ ഇടത്താവളമാക്കി മാറ്റിയതായിട്ടാണ് രോഗികളും കൂട്ടിരിപ്പുകാരും ആരോപണമുന്നയിക്കുന്നത്.
ദിവസങ്ങള്‍ക്ക് മുമ്പ് രാത്രി 11 മണിയോടുകൂടി മരുന്നുവാങ്ങാനായി മെഡിക്കല്‍ കോളജ് ആത്യാഹിത വിഭാഗത്തിനു മുന്നിലൂടെ മെയിന്‍ റോഡിലേക്കു നടന്നുപോയ വീട്ടമ്മയെ സാമൂഹ്യ വിരുദ്ധര്‍ തടഞ്ഞുവച്ച് അസഭ്യം പറഞ്ഞിരുന്നു. ഇവര്‍ തലനാരിഴയ്ക്കാണ് ആക്രമികളില്‍ നിന്നും രക്ഷ നേടിയത്. പകല്‍ സമയങ്ങളിലും രാത്രികാലങ്ങളിലും കോളജ് പരിസരത്തും മെഡിക്കല്‍ കോളജ് ഗ്രൗണ്ടിനു സമീപത്തും മദ്യപാനികളെത്തി അഴിഞ്ഞാടുന്നതായും സമീപവാസികള്‍ പറയുന്നു. കൂടാതെ ഉള്ളൂര്‍, കുമാരപുരം, പൂന്തിറോഡ്, ചാലക്കുഴി ലെയിന്‍ എന്നിവിടങ്ങളിലും രാത്രികാലങ്ങളില്‍ സാമൂഹ്യവിരുദ്ധരുടെയും മോഷ്ടാക്കളുടെയും ശല്യം ഏറുന്നതായും നാട്ടുകാര്‍ പറയുന്നു. ആശുപത്രി പരിസരത്തുനിന്നും ഹെല്‍മറ്റ് കവര്‍ച്ചകള്‍ നിത്യ സംഭവമാകുന്നു.
ദിവസങ്ങള്‍ക്ക് മുമ്പാണ് ചാലക്കുഴി ലെയിനിലെ അടച്ചിട്ടിരുന്ന വീട്ടില്‍ നിന്നും 40 പവനും ഒന്നര ലക്ഷം രൂപയും കവര്‍ന്നത്. എന്നാല്‍ കവര്‍ച്ച നടന്നു ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ മോഷ്ടാവിനെ തമ്പാനൂര്‍ പോലീസ് മറ്റൊരു കേസുമായി ബന്ധപ്പെട്ട് പിടികൂടുകയായിരുന്നു. പോലീസ് സംഭവ സ്ഥലങ്ങളില്‍ തിരിഞ്ഞു നോക്കാറില്ല എന്നത് വന്‍ പ്രതിഷേധത്തിന് ഇടയാക്കുന്നു. മെഡിക്കല്‍ കോളജ് പൊലീസ് സ്റ്റേഷന് പരിധിയില്‍ രാത്രികാല പട്രോളിങ് ശക്തമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.