ബാലരാമപുരത്തെ അടിപ്പാത പ്രതിഷേധ ജ്വലയുമായി ആക്ഷൻ കൗൺസിൽ
1283270
Saturday, April 1, 2023 11:18 PM IST
ബാലരാമപുരം: ഗതാഗത കുരുക്കിനാൽ വീർപ്പുമുട്ടുന്ന ബാലരാമപുരത്ത് അടിപ്പാത നിർമിക്കാനുള്ള നീക്കം അട്ടിമറിക്കാൻ ആരെയും അനുവദിക്കില്ലെന്ന് ജില്ലാ പഞ്ചായത്ത് അംഗം ഭഗത് റൂഫസ്.
കഴിഞ്ഞ കാൽനൂറ്റാണ്ടിലേറെയായി യാത്രക്കാർ അനുഭവിക്കുന്ന ഗതാഗത കുരുക്കിന് ശാശ്വത പരിഹാരമെന്ന നിലയിലാണ് അടിപ്പാത നിർമാണം സർക്കാർ നടത്താൻ നിശ്ചയിച്ചത് .
ഈ പദ്ധതി യാഥാർഥ്യമാകുക തന്നെ ചെയ്യുമെന്ന് ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ ജ്വലയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ബാലരാമപുരത്തെ ചില വ്യാപാരികൾക്ക് വേണ്ടി യാത്രക്കാർ ജീവിതകാലം മുഴുവൻ ദുരിതം അനുഭവിക്കേണ്ട അവസ്ഥ ഇനി അനുവദിക്കാൻ കഴിയില്ലെന്ന് ആക്ഷൻ കൗൺസിൽ ജനറൽ സെക്രട്ടറി ജയകുമാർ പറഞ്ഞു.
ആക്ഷൻ കൗൺസിൽ വൈസ്പ്രസിഡന്റ് മണ്ണാങ്കൽ രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. രക്ഷാധികാരി ആർ.എസ്. ശശികുമാർ, എസ്.എസ്. ലളിത്, അനുപമ രവീന്ദ്രൻ,അനിരുദ്ധൻ നായർ, കൊല്ലിയോട് സത്യനേശൻ, അരുൺ ദേവ്, നേമം ജബ്ബാർ, വിജയൻ നായർ,എം. രവീന്ദ്രൻ, വി.എസ്. ജയറാം, മനു എന്നിവർ പ്രസംഗിച്ചു .