കുലശേഖരം പാലം ഉദ്ഘാടനം ഇന്ന്
1280307
Thursday, March 23, 2023 11:18 PM IST
തിരുവനന്തപുരം: കാട്ടാക്കട ഭാഗത്തേക്കുള്ള ഗതാഗതക്കുരുക്കിന് വിരാമമിട്ട് കുലശേഖരം പാലം ഇന്ന് തുറക്കും. വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ കുലശേഖരത്തെയും കാട്ടാക്കട മണ്ഡലത്തിലെ പേയാടിനെയും ബന്ധിപ്പിച്ച് കരമനയാറിന് കുറുകെ നിര്‍മിച്ച പാലം ഇന്ന് വൈകുന്നേരം അഞ്ചിന് കുലശേഖരം പാലത്തിന് സമീപം നടക്കുന്ന ചടങ്ങില്‍ മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. ഐ.ബി. സതീഷ് എംഎല്‍എ അധ്യക്ഷനാകുന്ന ചടങ്ങില്‍ വി.കെ. പ്രശാന്ത് എംഎല്‍എ, മേയര്‍ ആര്യ രാജേന്ദ്രന് , എംപിമാരായ ശശി തരൂര്‍, അടൂര്‍ പ്രകാശ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാര്‍ എന്നിവർ പങ്കെടുക്കും. വട്ടിയൂര്‍ക്കാവ്, പേരൂര്‍ക്കട പ്രദേശങ്ങളില്‍നിന്ന് പേയാട്, കാട്ടാക്കട ഭാഗത്തേക്കുള്ള യാത്രാദൂരം 10 കിലോമീറ്ററോളം കുറയ്ക്കാനും തിരുമല കുണ്ടമണ്‍കടവ് ഭാഗത്തെ ഗതാഗതക്കുരുക്ക് ഇല്ലാതാക്കാനും പാലം സഹായകമാകും. 120 മീറ്റര്‍ നീളത്തിനും 10.5 മീറ്റര്‍ വീതിയിലും നിര്‍മിച്ച പാലത്തിന്റെ ഇരുവശത്തുമായി നടപ്പാതയും ഒരുക്കിയിട്ടുണ്ട്. പാലത്തിന്റെ ഇരുകരകളിലുമായി 550 മീറ്റര്‍ അപ്രോച്ച് റോഡുമുണ്ട് .