തൊഴിലുറപ്പിലെ കൂലി തട്ടിപ്പ്: നടപടി വേണമെന്ന് ഐഎൻടിയുസി
1279470
Monday, March 20, 2023 11:32 PM IST
നെടുമങ്ങാട്: തൊഴിലുറപ്പിലെ കൂലി തട്ടിപ്പിൽ നിഷ്പക്ഷവും സുതാര്യവുമായ പരിശോധന നടത്തി മാതൃകാപരമായ നടപടി കൈക്കൊള്ളാൻ സർക്കാർ സന്നദ്ധമാകണമെന്നും മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു തൊഴിലാളി കോൺഗ്രസ് പ്രസിഡന്റ് വി.ആർ.പ്രതാപൻ ആവശ്യപ്പെട്ടു. തൊഴിലുറപ്പു തൊഴിലാളി കോൺഗ്രസ് ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര സർക്കാർ നടപ്പുവർഷം 29000 കോടി രൂപ വെട്ടിക്കുറച്ചു.തൊഴിൽ ദിനങ്ങൾ വർദ്ധിപ്പിക്കുന്നതിനും കർഷക തൊഴിലാളികളുടെ മിനിമം കൂലി തൊഴിലുറപ്പു തൊഴിലാളികളുടെ വേതനമായി നിശ്ചയിക്കുന്നതിനും സംസ്ഥാന സർക്കാർ നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. വർക്കിംഗ് പ്രസിഡന്റ് വെള്ളനാട് ശ്രീകണ്ഠൻ അധ്യക്ഷത വഹിച്ചു. എം.എം. അഷറഫ്, സരളാ വിൻസന്റ്, എ.നൗഷാദ് ഖാൻ, ചെറുനാരകം കോട് ജോണി, പരമേശ്വരൻ നായർ, വട്ടപ്പാറ ഓമന, വി. ഭുവനേന്ദ്രൻ നായർ തുടങ്ങിയവർ പ്രസംഗിച്ചു.