വൃത്തിഹീനമായി തൊഴിലാളി ക്യാമ്പ്; അടച്ചുപൂട്ടാൻ ആരോഗ്യവകുപ്പ് നിർദേശം
1263432
Monday, January 30, 2023 11:11 PM IST
മെഡിക്കൽ കോളജ്: തൊഴിലാളി ക്യാമ്പിൽ ആരോഗ്യവകുപ്പ് അധികൃതർ പരിശോധന നടത്തി. മെഡിക്കൽകോളജ് ചാലക്കുഴി റോഡിൽ പ്രവർത്തിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികളുടെ ക്യാമ്പിലായിരുന്നു ഇന്നലെ രാവിലെ നഗരസഭ ആരോഗ്യ വിഭാഗം പരിശോധന നടത്തിയത്. 24 മണിക്കൂറിനുള്ളിൽ തൊഴിലാളികളെ മാറ്റി പാർപ്പിച്ച് ക്യാമ്പ് അടച്ചു പൂട്ടാൻ കരാറുകാരനും കെട്ടിട ഉടമസ്ഥനും നഗരസഭ നോട്ടീസ് നൽകി. നഗരസഭ മെഡിക്കൽ കോളജ് സർക്കിൾ ഹെൽത്ത് ഇൻസ്പെക്ടർ എസ്.എസ്. മിനുവിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.
ചാലക്കുഴി റോഡിൽ ട്രിഡ കെട്ടിടത്തിനും കെഎസ്ആർടിസി ബസ് സ്റ്റാൻഡിനും ഇടയിൽ കാലപ്പഴക്കം ചെന്ന കെട്ടിടങ്ങളിലെ ചെറിയ മുറികളിൽ ഏഴു മുതൽ 20 തൊഴിലാളികളെയാണ് താമസിപ്പിച്ചിരുന്നത്. മൂന്ന് മുറികളിലായി 45 പേരാണ് ഇവിടെയുള്ളതെന്നും ശൗചാലയത്തിന്റെ സമീപത്താണ് തൊഴിലാളികൾ പാചകം ചെയ്തുവന്നതെന്നും നിലത്ത് പഴയ ബാനർ വിരിച്ചാണ് ഉറങ്ങുന്നതെന്നും അധികൃതർ പറഞ്ഞു.
വൃത്തിഹീനമായ കിണറ്റിൽ നിന്നുള്ള വെള്ളം ഉപയോഗിച്ചാണ് തൊഴിലാളികൾ കുളിക്കുന്നതും വസ്ത്രം അലക്കുന്നതെന്നും അധികൃതർ കണ്ടെത്തി. തൊഴിലാളികളെ നാട്ടിൽ നിന്നും കൊണ്ടുവന്ന് താമസിപ്പിച്ചിരുന്നത് അസം സ്വദേശിയായ ദീപക് മണ്ഡൽ എന്നയാളാണ്. കെട്ടിട ഉടമസ്ഥർക്കും കരാറുകാരനും നോട്ടീസ് നൽകി. തുടർ നടപടികൾ സ്വീകരിക്കുന്നതിന് നഗരസഭ എൻജിനിയറിംഗ്, റവന്യൂ വിഭാഗങ്ങൾക്കും റിപ്പോർട്ട് നൽകും. സ്ക്വാഡിൽ ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ മുഹമ്മദ് നവാസ് , വി.എസ്. രേഖ, പി.എൽ. സജിൻ എന്നിവരും ഉണ്ടായിരുന്നു.