തീർഥാടനത്തിനിടെ അപകടം: യുവാവ് മരിച്ചു
1262974
Sunday, January 29, 2023 12:42 AM IST
പൂവാർ: പള്ളിയിലേക്ക് തീർഥാടനത്തിനു പോയ വാഹനം അപകടത്തിൽപ്പെട്ട് യുവാവ് മരിച്ചു. സുഹൃത്തിന് പരിക്കേറ്റു. പുല്ലുവിള പുതിയതുറ താഴെ വീട്ടുവിളാകത്തിൽ ജാ റോണിന്റെയും സോഫിയുടെയും മകൻ ആന്റണി ജറോൺ (33) ആണ് മരിച്ചത്. കൂട്ടുക്കാർക്കൊപ്പം തമിഴ്നാട് കല്യാണമാത പള്ളി തീർഥാടനത്തിന് പോയി തിരികെ വരുന്നതിനിടയിൽ കന്യാകുമാരി ജില്ലയിൽ ദീശൻവിള ചാത്താൻകുളത്തിന് സമീപത്താണ് അപകടം നടന്നത്.
അഞ്ചുപേർ സഞ്ചരിച്ചിരുന്ന ഇന്നോവ കാർ മിനി പിക്കപ്പ് വാനുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ആന്റണിയെ തിരുനെൽവേലി മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഒപ്പമുണ്ടായിരുന്ന പുതിയതുറ സ്വദേശി റോജിന്‍ (30) കണ്ണിനു പരിക്കേറ്റ് ചികിത്സയിലാണ്. ആന്റണി ജറോണിന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറി. സഹോദരങ്ങൾ മുത്തപ്പൻ, ഗിൽഡ.