സ്ത്രീജനസഖ്യത്തിന്റെ നേതൃത്വത്തിൽ ഏഴ് നിർധന യുവതികൾക്ക് മംഗല്യമൊരുക്കി
1262542
Friday, January 27, 2023 11:59 PM IST
തിരുവനന്തപുരം: സിഎസ്ഐ ദക്ഷിണ കേരള മഹായിടവക സ്ത്രീജനസഖ്യത്തിന്റെ നേതൃത്വത്തിൽ ഏഴ് നിർധന യുവതികൾക്ക് മംഗല്യമൊരുക്കി. എംഎം സിഎസ്ഐ കത്തീഡ്രലിൽ നടന്ന വിവാഹ ചടങ്ങുകൾക്ക് സിഎസ്ഐ മോഡറേറ്റർ റവ. എ. ധർമരാജ് റസാലം മുഖ്യകാർമികത്വം വഹിച്ചു. ഡെപ്യൂട്ടി മോഡറേറ്റർ ഡോ. കെ. രൂബെൻ മാർക്ക്, കൊല്ലം- കൊട്ടാരക്കര മഹായിടവക ബിഷപ് ഡോ. ഉമ്മൻജോർജ് തുടങ്ങിയവർ സഹകാർമികരായി.
ആനി- അമൽ, അപർണ- അനീഷ്, ഷീന- കിരണ്‍രാജ്, സുമി-രതീഷ്, സാന്ദ്ര- സ്റ്റെഫിൻ, അർച്ചന- സുബിൻ, അപർണ- വിജിൻ എന്നിവരാണ് വിവാഹിതരായത്. സാധുക്കളും കുടുംബ തകർച്ചയാൽ ഒറ്റപ്പെട്ടവരും ഉപേക്ഷിക്കപ്പെട്ട സാഹചര്യങ്ങളിൽ നിന്നുമുള്ള യുവതികളെയാണ് വിവാഹത്തിനായി തെരഞ്ഞെടുത്തത്. അനുയോജ്യരായ വരൻമാരെ കണ്ടെത്തി സൗജന്യവിവാഹമാണ് നടത്തിയത്. അഞ്ചു പവൻ ആഭരണങ്ങൾ, വധുവിനു വിവാഹ വസ്ത്രം, വധുവിന്റെ പേരിൽ നിക്ഷേപമായി ഒരുലക്ഷം രൂപ എന്നിവ നൽകി. ദന്പതികൾക്കു കുഞ്ഞ് ജനിക്കുന്പോഴുള്ള ആശുപത്രി ചെലവുകളും ഇതര സഹായങ്ങളും കുഞ്ഞിന് അഞ്ചുവയസാകുന്നതുവരെ ചെയ്യും.
മന്ത്രി ജി.ആർ. അനിൽ, മുൻ മന്ത്രിമാരായ എൻ. ശക്തൻ, വി.എസ്. ശിവകുമാർ, എ. വിൻസന്റ് എംഎൽഎ, കെ.എസ്. ശബരീനാഥൻ, കൗണ്‍സിലർ പാളയം രാജൻ, വികലാംഗ ക്ഷേമ കോർപ്പറേഷൻ അധ്യക്ഷ ജയ ഡാളി, ബിഷപ്പിന്റെ ഭാര്യ ഷേർളി റസാലം, മഹായിടവക സെക്രട്ടറി ഡോ.ടി.ടി. പ്രവീണ്‍, പാസ്റ്ററൽ ബോർഡ് സെക്രട്ടറി റവ.ജെ. ജയരാജ്, റവ. പി.റോഹൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു. മംഗല്യ പദ്ധതിവഴി 101 യുവതികൾക്ക് വിവാഹമൊരുക്കിയതായി മഹായിടവക സെക്രട്ടറി ഡോ. ടി.ടി. പ്രവീണ്‍ അറിയിച്ചു.