സ്ത്രീധനത്തിന്റെ പേരിൽ പീഡനമെന്നു പരാതി
1246394
Tuesday, December 6, 2022 11:36 PM IST
വെഞ്ഞാറമൂട് : സ്ത്രീധനം കുറഞ്ഞതിന്റെ പേരിൽ യുവതിയെ ഭർത്താവും ഭർതൃവീട്ടുകാരും പീഡിപ്പിച്ചതായി പരാതി. ഭർത്താവും ഭർതൃമാതാവും സ്ഥിരമായി യുവതിയെ മർദിച്ചതായും ഏഴോളം പ്രാവശ്യം കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പെടുത്താൻ ശ്രമിച്ചെന്നും യുവതി പോലീസിനു നൽകിയ പരാതിയിൽ പറയുന്നു. വെഞ്ഞാറമൂട് സ്വദേശി അക്ബർ ഷായ്ക്കെതിരെ പോലീസിൽ പരാതി നൽകിയെങ്കിലും രാഷ്ട്രീയ ബന്ധങ്ങളുപയോഗിച്ച് കേസ് അട്ടിമറിക്കുകയാണെന്നും ബന്ധുക്കൾ ആരോപിച്ചു.
2012 ലാണ് അക്ബർ ഷായും യുവതിയും വിവാഹിതരാകുന്നത്. ആറ് മാസം കഴിഞ്ഞതിനു പിന്നാലെ സ്ത്രീധനത്തിന്റെ പേരിൽ പീഡനം ആരംഭിച്ചതായും പല തവണ വീട്ടിൽ നിന്നും ഇറക്കി വിട്ടതായും പരാതിയിൽ പറയുന്നു. മകളുടെ മുന്നിൽ പോലും നഗ്നത പ്രദർശനം നടത്തി. ഇടയ്ക്ക് ഭർത്താവുമായി സ്വന്തം വീട്ടിൽ വന്നു നിന്നു അവിടയും മാനസികവും ശാരീരികവുമായ പീഡനം തുടർന്നു. തുടർന്ന് 2021 ഫെബ്രുവരി ആറിന് വെഞ്ഞാറമൂട് പോലിസ് സ്റ്റേഷനിൽ പരാതി നൽകി.
ഭർത്താവ് അക്ബർ ഷാ രാഷ്ട്രീയ സ്വാധീനമുപയോഗിച്ച് കേസ് അട്ടിമറിക്കുകയാണന്നാണ് യുവതി ആരോപിക്കുന്നത്. മകളുടെ മുന്നിൽ നഗ്നതാ പ്രദർശനത്തിന് ഭർത്താവിനെതിരേ കഴിഞ്ഞ നവംബറിൽ പരാതി നൽകിയിരുന്നു.
സ്ത്രീധനം കുറഞ്ഞെന്നും മകനെ കുടുക്കിയതാണെന്നും പറഞ്ഞു ഭർതൃമാതാവ് ഉപദ്രവിക്കുമായിരുന്നു. ഭർത്താവിന്റെ സഹോദരി തന്റെ താലിമാല വലിച്ചു പൊട്ടിച്ചതായും യുവതി പറഞ്ഞു. യുവതിയുടെ പരാതിയിൽ ഇന്നലെ മൊഴി രേഖപ്പെടുത്തിയതായി വെഞ്ഞാറമൂട് സിഐ അറിയിച്ചു.