വിഴിഞ്ഞം തുറമുഖം: എൽഡിഎഫിന്റെ തീരദേശ യാത്ര നാളെ മുതൽ
1245803
Sunday, December 4, 2022 11:43 PM IST
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിനായി എൽഡിഎഫിന്റെ നേതൃത്വത്തിൽ വികസനം സമാധാനം എന്ന മുദ്രാവാക്യവുമായി സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ ക്യാപ്റ്റനായ പ്രചാരണ ജാഥ നാളെ തുടങ്ങും. നാളെ വൈകുന്നേരം ആറിന് വർക്കലയിൽ മന്ത്രി പി. രാജീവ് ജാഥ ഉദ്ഘാടനം ചെയ്യും. ഏഴിന് ഇടവ, വെട്ടൂർ, അഞ്ചുതെങ്ങ്, മുതലപ്പൊഴി, പെരുമാതുറ എന്നിവിടങ്ങളിലും എട്ടിന് മരിയനാട്, പള്ളിത്തുറ, കൊച്ചുവേളി, വലിയതുറ, പൂന്തുറ എന്നിവിടങ്ങളിലും ഒന്പതിന് പൊഴിയൂർ, പൂവാർ, പുതിയതുറ, വിഴിഞ്ഞം ചപ്പാത്ത് എന്നിവിടങ്ങളിലും സ്വീകരണം നൽകും. ഒന്പതിന് വൈകുന്നേരം അഞ്ചിന് വിഴിഞ്ഞത്ത് നടക്കുന്ന സമാപന സമ്മേളനം സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും. എൽഡിഎഫ് ഘടകകക്ഷി നേതാക്കൾ ജാഥയിൽ പങ്കെടുക്കും.
സമര സമിതി ഉന്നയിച്ച ഏഴിന ആവശ്യങ്ങളിൽ ആറെണ്ണത്തിനും സർക്കാർ പരിഹാരംകണ്ടതായി അവകാശപ്പെടുന്ന നോട്ടീസുമായാണ് ജാഥ നടത്തുന്നത്. തീരശോഷണ പഠനത്തിന് സമിതിയെ നിയോഗിച്ചതിന്റെ സർക്കാർ ഉത്തരവിന്റെ നന്പർ നോട്ടീസിൽ നൽകിയിട്ടുണ്ട്. മണ്ണെണ്ണ സബ്സിഡി സമര സമിതി ആവശ്യപ്പെട്ടിട്ടുണ്ട്. മണ്ണെണ്ണ ഉപയോഗിക്കുന്ന എഞ്ചിൻ മാറ്റാൻ സഹായം നൽകുന്ന പദ്ധതി നടപ്പാക്കാനുള്ള ചർച്ച പുരോഗമിക്കുന്നതായി നോട്ടീസിൽ പറയുന്നു.
തീരശോഷണം പഠിക്കാൻ നിയോഗിച്ച സമിതിയുടെ റിപ്പോർട്ട് കിട്ടിയശേഷം നടപടി സ്വീകരിക്കുമെന്ന് ഈ വിഷയത്തിൽ മറുപടി നൽകുന്നു. വീട് നഷ്ടപ്പെട്ട് വലിയതുറ ഗോഡൗണിൽ കഴിയുന്ന 284 കുടുംബങ്ങളിൽ 151 പേർക്ക് മാറി താമസിക്കാൻ വീട്ടുവാടക നൽകിയതായി നോട്ടീസിൽ പറയുന്നു. പുനരധിവാസ പദ്ധതിക്കായി ഫ്ലാറ്റുകൾ നിർമിച്ചു നൽകുമെന്നും മുതലപ്പൊഴി പ്രശ്നം പരിഹരിക്കാൻ നടപടി തുടങ്ങിയതായും ജാഥക്കായി ഇറക്കിയ നോട്ടീസിൽ പറയുന്നു.