മദ്യ വില്പന: ഒരാൾ അറസ്റ്റിൽ
1244953
Friday, December 2, 2022 12:06 AM IST
വെഞ്ഞാറമൂട് : വാമനപുരം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ജി. മോഹൻകുമാറിന്റെ നേതൃത്വത്തിൽ ഇന്നലെ നടത്തിയ റെയ്ഡിൽ അനധികൃതമായി മദ്യം കച്ചവടം ചെയ്ത വയോധികനെ അറസ്റ്റ് ചെയ്തു. പാലോട് ഭരതന്നൂർ അംബേദ്കർ കോളനി ബ്ലോക്ക് നമ്പർ 29 ൽ മല്ലിക (63) നെയാണ് അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്നും 3.8 ലിറ്റർ മദ്യവും 300 രൂപയും പിടിച്ചെടുത്തു. ഭരതന്നൂർ കോളനിയിലും പരിസരപ്രദേശങ്ങളിലും വ്യാപകമായ രീതിയിൽ വിദേശമദ്യ വിൽപ്പന നടന്നു വരുന്നു എന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസ് പ്രത്യേക നിരീക്ഷണം തുടരുന്നതിനിടയിലാണ് ഇയാൾ അറസ്റ്റിലായത്. എക്സൈസ് സംഘത്തിനു നേരെ ആസിഡ് ഒഴിച്ച് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ വനിത സിവിൽ എക്സൈസ് ഓഫീസർമാരുടെ സഹായത്തോടെ പിടികൂടുകയായിരുന്നു.
അതിനിടെ, ഇന്നലെ രാവിലെ നടത്തിയ മറ്റൊരു പരിശോധനയിൽ ഭരതന്നൂർ എൽപി സ്കൂളിന് സമീപത്തുള്ള കടയിൽ നിരോധിത പുകയില ഉത്പന്നങ്ങൾ വിൽപന നടത്തിയ കുറ്റത്തിന് ജമീല എന്ന സ്ത്രീയുടെ പേരിൽ കോട്പ നിയമപ്രകാരം കേസെടുക്കുകയും പിഴ ഈടാക്കുകയും ചെയ്തു. വരും ദിവസങ്ങളിലും കർശനമായ പരിശോധനകൾ ഉണ്ടാകുമെന്നും, വാമനപുരം റേഞ്ച് പ്രദേശത്തെ മദ്യമയക്കുമരുന്ന് വിപണനത്തെക്കുറിച്ചും മറ്റുമുള്ള പരാതികൾ 940069421, 04722837505 എന്നീ നമ്പറുകളിൽ വിളിച്ച് അറിയിക്കാമെന്നും എക്സൈസ് ഇൻസ്പെക്ടർ അറിയിച്ചു. പ്രിവന്റീവ് ഓഫീസർമാരായ സതീഷ് കുമാർ, ഷാജി, സജീവ് കുമാർ,ഹാഷിം, ദീപ്തി, ബിസ്മി എന്നിവർ പരിശോധനയിൽ പങ്കെടുത്തു.