പ്ലാസ്റ്റിക് നിരോധനം കര്‍ശനമാക്കി അണ്ടൂര്‍ക്കോണം പഞ്ചായത്ത്
1226406
Friday, September 30, 2022 11:50 PM IST
വെഞ്ഞാറമൂട് : അണ്ടൂര്‍ക്കോണം പഞ്ചായത്തിലെ പ്ലാസ്റ്റിക് മാലിന്യ നിര്‍മാര്‍ജനത്തിനും പരിസ്ഥിതി മലിനീകരണം തടയുന്നതിനുമുള്ള പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയതായി പ്രസിഡന്റ് എസ്. ഹരികുമാര്‍ പറഞ്ഞു. ഹരിതകര്‍മ സേന പ്രവര്‍ത്തകര്‍ക്ക് വ്യക്തിത്വ വികസന ക്ലാസുകളും മാലിന്യ സംസ്കരണ ഉപാധികളെ കുറിച്ചും അവബോധം നല്‍കിക്കൊണ്ട് പഞ്ചായത്തിലെ 18 വാര്‍ഡുകളിലേയും പ്ലാസ്റ്റിക് മാലിന്യ സമാഹരണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഫലപ്രദമാക്കിയിട്ടുണ്ട്.
വീടുകള്‍ക്ക് പുറമെ വ്യാപാര സ്ഥാപനങ്ങളിലേക്ക് കൂടി പ്ലാസ്റ്റിക് മാലിന്യ സമാഹരണം വ്യാപിപ്പിച്ചതായി പ്രസിഡന്റ് പറഞ്ഞു. നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ കണ്ടെത്താന്‍ വ്യാപാര സ്ഥാപനങ്ങളില്‍ കര്‍ശന പരിശോധന നടക്കുന്നുണ്ട്. പതിനെട്ട് സ്ഥാപനങ്ങളില്‍ നിന്ന് നിരോധിത പ്ലാസ്റ്റിക് കവറുകളുടെ ഉപയോഗം കണ്ടെത്തുകയും 22500 രൂപ പിഴയായി ഈടാക്കുകയും ചെയ്തു.