അനീഷ് വധം: പ്രതികൾക്ക് ജീവപര്യന്തം കഠിനതടവും പിഴയും
1226389
Friday, September 30, 2022 11:29 PM IST
തിരുവനന്തപുരം: ഡിവൈഎഫ്ഐ നേതാവായിരുന്ന അനീഷിനെ കൊലപ്പെടുത്തിയ കേസിൽ സഹോദരങ്ങളായ രാജേഷ്കുമാർ, സുരേഷ്കുമാർ എന്നിവർക്കു ജീവപര്യന്തം കഠിനതടവും അഞ്ചു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. പിഴത്തുക മരണപ്പെട്ട അനീഷിന്റെ അമ്മ രാമമണിക്കു നൽകണം. മജിസ്ട്രേറ്റ് മുന്‍പാകെ രഹസ്യമൊഴി നൽകിയ ശേഷം കൂറുമാറിയ സാക്ഷി സന്തോഷ്കുമാറിനെതിരെ ക്രിമിനൽ കേസ് എടുത്തു. ഈമാസം 17 നു കോടതിയിൽ ഹാജരാകണം. തിരുവനന്തപുരം അതിവേഗ കോടതി (നാല്) ജഡ്ജി പ്രസൂണ്‍ മോഹനന്റേതാണ് ഉത്തരവ്. ആകെ അഞ്ചു പ്രതികളുള്ള കേസിൽ മൂന്നാം പ്രതി ഷിജു ഒളിവിലാണ്. നാലും അഞ്ചും പ്രതികളായ ജയകുമാർ, അജിത്കുമാർ എന്നിവരെ തെളിവുകളുടെ അഭാവത്തിൽ വെറുതേ വിട്ടു.2007 മാർച്ച് 18നാണ് കേസിനാസ്പദമായ സംഭവം. ഇഎംഎസ് ദിനത്തോടനുബന്ധിച്ചുള്ള പരിപാടികൾക്കായി പട്ടം മുറിഞ്ഞപാലത്ത് അലങ്കാര പ്രവർത്തനങ്ങൾ നടത്തുകയായിരുന്ന അനീഷിനെ കുത്തിക്കൊല്ലുകയായിരുന്നു. പ്രതികൾക്ക് ഒളിവിൽ കഴിയാൻ സഹായം നൽകിയ നാലും അഞ്ചും പ്രതികളേക്കുറിച്ചുള്ള വിവരമാണ് സന്തോഷ്കുമാർ രഹസ്യമൊഴി നൽകിയത്. വിചാരണ സമയത്ത് ഇയാൾ ഇതു നിഷേധിച്ചു. താൻ പറയാത്ത കാര്യങ്ങളാണ് മൊഴിയിലെന്ന് ഇയാൾ വാദിച്ചതോടെയാണ് കൂറുമാറിയ സാക്ഷിക്കെതിരെ നിയമനടപടിയുണ്ടാകുമെന്ന് കോടതി വ്യക്തമാക്കിയത്.