ലഹരി വിരുദ്ധ കാമ്പയിൻ പാഠ്യപദ്ധതിയുടെ ഭാഗമാക്കും: മുഖ്യമന്ത്രി
1226382
Friday, September 30, 2022 11:26 PM IST
തിരുവനന്തപുരം: ലഹരി വിരുദ്ധ കാമ്പയിൻ പാഠ്യപദ്ധതിയുടെ ഭാഗമാക്കുന്ന കാര്യം പരിഗണനയിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മത-സാമുദായിക സംഘടനാ പ്രതിനിധികളുടെ യോഗത്തിലാണ് മുഖ്യമന്ത്രി ഇത് പറഞ്ഞത്. എല്ലാ മത-സാമുദായിക സംഘടനകളും സർക്കാരിന്റെ ലഹരി വിരുദ്ധ കാമ്പയിന് പൂർണ പിന്തുണ പ്രഖ്യാപിച്ചു.
ലഹരിക്കെതിരേ സർക്കാർ എൻഫോഴ്സ്മെന്റ് ഏജൻസികൾക്ക് പുറമേ ജനകീയ പങ്കാളിത്തത്തോടു കൂടിയുള്ള പ്രവർത്തനം അത്യാവശ്യമാണ്. എല്ലാ മത സംഘടനകൾക്കും ലഹരിവിരുദ്ധ കാഴ്ചപ്പാടാണ്. അതുകൊണ്ട് ഓരോ വിഭാഗവും അവരുടെ നേതൃത്വത്തിൽ പൊതുകാന്പയിന്റെ ഭാഗമാവണം. നല്ല തോതിൽ ജനങ്ങളെ അണിനിരത്തണം. ലഹരിക്കെതിരേ പ്രദേശികമായി വിവരം നൽകുന്നവർക്ക് ഒരു തരത്തിലുള്ള ആശങ്കയും ഉണ്ടാകേണ്ടതില്ല. അവരുടെ പേര് വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കും. മയക്കുമരുന്ന് ഉപയോഗിക്കുന്നവർക്ക് വീര പരിവേഷം നൽകുന്ന നില ഒരു കലാരൂപത്തിലും പാടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.