വിഴിഞ്ഞം സമരം: പിന്തുണയുമായി കെസിവൈഎം പ്രവർത്തകരും ദളിത് ക്രൈസ്തവ പ്രതിനിധികളുമെത്തി
1225665
Wednesday, September 28, 2022 11:24 PM IST
വിഴിഞ്ഞം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിർമാണത്തിനെതിരെ മത്സ്യത്തൊഴിലാളികളുടെ സമരം ശക്തമായി മുന്നോട്ട്. പിന്തുണയുമായി പുനലൂർ രൂപത കെസിവൈഎം പ്രവർത്തകരും ദളിത് ക്രൈസ്തവ പ്രതിനിധികളും സമരപ്പന്തലിൽ എത്തി. 44-ാം ദിവസത്തെ സമരത്തിന് പിന്തുണയുമായി പള്ളിത്തുറ, തുമ്പ ഇടവകകളിൽ നിന്നുള്ള നൂറ് കണക്കിന് മത്സ്യത്തൊഴിലാളികൾ സമരപ്പന്തലിലെത്തി. മോൺ.യൂജിൻ എച്ച്. പെരേര ഉദ്ഘാടനം ചെയ്തു.
പള്ളിത്തുറ ഇടവക വികാരി ഫാ.ബിനു അലക്സ് ഇന്നലത്തെ സമരത്തിന്റെ ക്യാപ്റ്റനും തുമ്പ ഇടവക വികാരി ഫാ.ഷാജിൻ ജോസ് വൈസ് ക്യാപ്റ്റനുമായിരുന്നു.
ഫാ. തിയോഡേഷ്യസ് ഡിക്രൂസ് വിഷയാവതരണം നടത്തി. ഫാ.ഷാജിൻ ജോസ് , ഫാ.ബിനു ജോസഫ് തുടങ്ങിയ ആറ് പേർ നിരാഹാരമനുഷ്ടിച്ചു. ഫാ. ലെനിൻ ഫെർണാണ്ടസ്, ഫ്രീസ് കുരുഷൻ, ഗേളി ജോൺ ഉൾപ്പെടെയുള്ളവർ അഭിവാദ്യമർപ്പിച്ച് പ്രസംഗിച്ചു.
ജോസഫ് ജോൺസൺ, നിക്സൺ ലോപ്പസ്, ഫെനിൻ പള്ളിത്തുറ എന്നിവർ നേതൃത്വം നൽകി. ഇന്ന് മര്യനാട് ഇടവക സമരത്തിന് നേതൃത്വം നൽകും.