കയ്പമംഗലം: മണ്ഡലത്തിലെ പെരിഞ്ഞനം, മതിലകം, ശ്രീനാരായണപുരം, എടവിലങ്ങ്, എറിയാട്, എന്നീ ഗ്രാമ പഞ്ചായത്തുകളിലൂടെ 14.7 1 കിലോമീറ്ററിൽ വ്യാപിച്ച് കിടക്കുന്ന ശുദ്ധജല സ്രോതസാണ് പെരുംതോട് വലിയ തോട്.
2017 മുതൽ സർക്കാറിന്റെ വിവിധ വകുപ്പുകളും, മതിലകം ബ്ലോക്ക് പഞ്ചായത്തിന്റെയും ഗ്രാമപഞ്ചായത്തുകളുടെ നേതൃത്വത്തിൽ ജനകീയ പങ്കാളിത്വത്തോടെയും വിവിധ ഘട്ടങ്ങളിലൂടെ ഈ തോട് സംരക്ഷിച്ച് പോരുന്നുണ്ട്. എങ്കിലും കഴിഞ്ഞ സാമ്പത്തികവർഷം തോട് നവീകരിക്കാൻ മൂന്ന് പ്രാവശ്യം ടെൻഡർ വിളിച്ചെങ്കിലും ആരും എടുത്തിരുന്നില്ല. ലോക്സഭ തെരഞ്ഞെടുപ്പിന്റെ ഭാഗമായി വന്ന പെരുമാറ്റചട്ടവും തോട് നവീകരിക്കാൻ വിലങ്ങ് തടിയാകുകയായിരുന്നു.
പെരിഞ്ഞനം തോണിക്കുളം മുതൽ തോട് അവസാനിക്കുന്ന എറിയാട് ഗ്രാമപഞ്ചായത്തിലെ അറപ്പ തോടുവരേയും പടന്ന തോട് വരേയും വൃത്തിയാക്കലും ചിലയിടങ്ങളിൽ കയർ ഭൂവസ്ത്രം വിരിക്കൽ, തീറ്റപ്പുൽകൃഷി, തറാവ് കൃഷി, ഫലവൃക്ഷ ത്തെെനടൽ, കൽഭിത്തികെട്ടൽ, തോടിന്റെ ആഴം കൂട്ടൽ, സ്ല്യൂയിസ് കം ബ്രിഡ്ജ് നിർമിക്കൽ തുടങ്ങിയ പ്രവൃത്തികൾ മുൻകാലങ്ങളിൽ നടന്നിരുന്നു.
വീണ്ടും ആവശ്യമായ ശുചീകരണവും നവീകരണവും ഉണ്ടാകുമെന്നും ഇതിന്റെ ഭാഗമായി പെരുംതോട് കടന്ന് പോകുന്ന അഞ്ച് ഗ്രാമ പഞ്ചായത്തിലും ജനപ്രതിനിധികളും കലാസാംസ്കാരിക സാമൂഹിക രംഗത്തെ പ്രവർത്തകരും ഒന്നിച്ച് ജൂലൈ 20നു പെരുന്തോട് വലിയതോട് ശുചീകരണത്തിന് ഇറങ്ങുമെന്നും ഇതിനായി പഞ്ചായത്ത് തലത്തിൽ വിപുലമായ യോഗം വിളിച്ച് ചേർക്കുമെന്നും ഇ.ടി. ടൈസൺ എംഎൽഎ പറഞ്ഞു.
പെരുംതോട് - വലിയ തോട് കോ-ഓർഡിനേറ്റർ പി.രാധാകൃഷ്ണൻ പദ്ധതി വിശദീകരിച്ചു. യോഗത്തിൽ മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും പെരുംതോട് വലിയ തോട് ജനറൽ കൺവീനർ കൂടിയായ സി. കെ. ഗിരിജ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ നിഷ അജിതൻ, എം .എസ്. മോഹനൻ, സീനത്ത് ബഷീർ, വിനീത മോഹൻദാസ്, ശോഭന രവി, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ അസ്ഫൽ, കെ.എ. അയ്യൂബ്, സുമതി സുന്ദരൻ, ഷാഹിന ജലീൽ, ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാർ, കോ-ഓർഡിനേറ്റർമാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.