വൈക്കം: സംരംഭകർക്ക് അനുകൂലമായ അന്തരീക്ഷമാണ് കേരളത്തിൽ നിലവിലുള്ളതെന്നും മൂന്നുവർഷവും ഏഴുമാസവും കൊണ്ട് 3.25 ലക്ഷം സംരംഭങ്ങൾ സൃഷ്ടിക്കാൻ ഈ സർക്കാരിന് കഴിഞ്ഞെന്ന് വ്യവസായ മന്ത്രി പി.രാജീവ്.
വൈക്കം ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിച്ച നിക്ഷേപ സംഗമത്തിന്റെ സമാപന സമ്മേളനം വൈക്കം വൈറ്റ് ഗേറ്റ് റെസിഡൻസി കൺവൻഷൻ സെന്ററിൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വൈക്കം ബ്ളോക്കിൽ ഒരു വാർഡിൽ ഒരു വീട്ടിൽ ഒരു സംരംഭമെന്ന നിലയിൽ സംരംഭങ്ങൾ തുടങ്ങാനാകണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
വൈക്കം ബ്ളോക്ക് പഞ്ചായത്തിന്റെ ജെൻഡർ സ്റ്റാറ്റസ് പഠനറിപ്പോർട്ട് ഉന്നതി സി.കെ. ആശ എംഎൽഎയ്ക്കു നൽകി മന്ത്രി പി.രാജീവ് പ്രകാശനം ചെയ്തു. സി.കെ.ആശ എംഎൽഎ അധ്യക്ഷത വഹിച്ചു. കേരള കയർ തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ കെ.കെ. ഗണേശൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. രഞ്ജിത്ത്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ പി.എസ്. പുഷ്പമണി,
ഹൈമി ബോബി, നഗരസഭ ചെയർപേഴ്സൺ പ്രീത രാജേഷ്, വൈസ് ചെയർമാൻ പി.ടി.സുഭാഷ്, പഞ്ചായത്ത് പ്രസിഡന്റുമാരായ സുകന്യ സുകുമാരൻ, പി. പ്രീതി, പി.കെ. ആനന്ദവല്ലി, ശ്രീജി ഷാജി, കെ.ആർ. ഷൈലകുമാർ, രമേശ് പി. ദാസ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുലോചന പ്രഭാകരൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കെ.എസ്. ഗോപിനാഥൻ, സുജാത മധു എന്നിവർ പ്രസംഗിച്ചു. വ്യവസായ-ടൂറിസം വകുപ്പുകളുടെ സഹകരണത്തോടെയാണ് നിക്ഷേപക സംഗമം സംഘടിപ്പിച്ചത്.
രാവിലെ നടന്ന നിക്ഷേപ സംഗമം സി.കെ. ആശ എംഎൽഎ ഉദ്ഘാടനം ചെയ്തു. വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ.രഞ്ജിത്ത് അധ്യക്ഷത വഹിച്ചു.
135 കോടി രൂപയുടെ നിക്ഷേപവാഗ്ദാനം ലഭിച്ചു
വൈക്കം: വൈക്കത്തിന്റെ വികസനത്തിനു കുതിപ്പേകാൻ വൈക്കം ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിച്ച നിക്ഷേപക സംഗമത്തിൽ 135 കോടി രൂപയുടെ നിക്ഷേപവാഗ്ദാനം ലഭിച്ചതായി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ. രഞ്ജിത്ത്. ഹോസ്പിറ്റാലിറ്റി, വിനോദസഞ്ചാരം, ഫ്ളാറ്റ് നിർമ്മാണം, ഹൈഡ്രജൻ വാട്ടർ ഉൽപാദനം, റിസോർട്ടുകൾ തുടങ്ങി വിവിധ മേഖലകളിലാണ് സംരംഭകർ നിക്ഷേപ സന്നദ്ധത അറിയിച്ചത്.