നടുവിൽ: ലോക സഞ്ചാര ഭൂപടത്തിൽ കേരളത്തിന്റെ ബ്രാൻഡായി മാറുകയാണ് മലബാറിലെ സഞ്ചാര കേന്ദ്രങ്ങൾ. അതിൽ കണ്ണൂരിലെ മലയോര കേന്ദ്രങ്ങൾ ലോകമെമ്പാടുമുള്ള സഞ്ചാരികളെ ആകർഷിക്കും വിധം മാറിക്കഴിഞ്ഞുവെന്നും കെ. സുധാകരൻ എംപി.
ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ സഹകരണത്തോടെ പാലക്കയംതട്ടിൽ സംഘടിപ്പിച്ച ഇരിക്കൂർ ഇൻവെസ്റ്റഴ്സ് റിവ്യൂ മീറ്റ് ഉദ്ഘാടനം ചെയുകകയായിരുന്നു അദ്ദേഹം.
ടൂറിസം മേഖലയിലെ നിക്ഷേപങ്ങൾ വരും തലമുറയെയും പ്രകൃതിയെയും ഉൾക്കൊണ്ട് കൊണ്ട് മുന്നോട്ട് പോയെങ്കിൽ മാത്രമേ നിലനിൽക്കുകയുള്ളൂവെന്നും ഇരിക്കൂറിൽ സജീവ് ജോസഫ് എംഎൽഎയുടെ നേതൃത്വത്തിൽ നടക്കുന്ന ദീർഘ വീക്ഷണമുള്ള പദ്ധതികളാണ് നമുക്ക് വേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സജീവ് ജോസഫ് എം.എൽ.എ അധ്യക്ഷത വഹിച്ചു. അസി. കളക്ടർ ഗ്രന്ഥേ സായി കൃഷ്ണ മുഖ്യ പ്രഭാഷണം നടത്തി.
ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ കെ.എസ് അജിമോൻ, ശ്രീകണ്ഠാപുരം നഗരസഭാ ചെയർപേഴ്സൺ കെ.വി ഫിലോമിന, ഏരുവേശി പഞ്ചായത്ത് പ്രസിഡന്റ് മിനി ഷൈബി, ഇരിക്കൂർ പഞ്ചായത്ത് പ്രസിഡന്റ് ടി.പി ഫാത്തിമ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ തോമസ് വക്കത്താനം, ടി.സി പ്രിയ, ജില്ലാ ഫോറസ്റ്റ് ഓഫീസർ വൈശാഖ് ഐ.എഫ്. എസ്, തളിപ്പറമ്പ് വ്യവസായ വികസന ഓഫീസർ എം.സുനിൽ, പ്രിൻസിപ്പൽ കൃഷി ഓഫീസർ എം.എൻ പ്രദീപൻ, ഡി.ടി.പി.സി സെക്രട്ടി ജിജേഷ് കുമാർ, മനോജ്,പി.കെ സൂരജ്, ഫോറസ്റ്റ് റേഞ്ച് ഓഫീസർ രതീശൻ, ലീഡ് ബാങ്ക് മാനേജർ കെ.എസ് രഞ്ജിത്ത് എന്നിവർ പ്രസംഗിച്ചു.
ഇരിക്കൂറിൽ 172 കോടിയുടെ പുതിയ പദ്ധതി
നടുവിൽ: പാലക്കയംതട്ടിൽ നടന്ന ഇരിക്കൂർ നിക്ഷേപക സംഗമ അവലോകന യോഗത്തിൽ 171.27 കോടിയുടെ നിക്ഷേപക വാഗ്ദാനങ്ങളുമായി വിവിധസംരംഭകർ മുന്നോട്ടു വന്നു.
മലയോര മേഖലയിലെ ജൈവ സംസ്കൃതിക്ക് കോട്ടം തട്ടാത്തവിധം ഉള്ള ഫാം ടൂറിസം, ഫുഡ് പ്രൊസസ്സിംഗ്, മേഖലകളാണ് നിക്ഷേപകരെ കൂടുതൽ ആകർഷിച്ചത്, ഈ രണ്ട് മേഖലകളിൽ നിന്നുമായി 126.67 കോടിയുടെ നിക്ഷേപക വാഗ്ദാനങ്ങൾ ചടങ്ങിൽ ഉണ്ടായി.
പ്ലാസ്റ്റിക് റീസൈക്ലിംഗ്, പേപ്പർ ,ഫർണിച്ചർ നിർമാണങ്ങൾ ഉൾപ്പെടെയുള്ള മേഖലകളിലായി നൂതന ആശയങ്ങളുടെ 44.6 കോടിയുടെ നിക്ഷേപ വാഗ്ദാനം ഉണ്ടായി.സ്വകാര്യ വ്യവസായ പാർക്കുകൾക്ക് അനുയോജ്യമായ ഭൂമി ഇരിക്കൂർ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ ലഭ്യമാണ് ഇവയെ ഫലപ്രദമായി പ്രയോജനപ്പെടുത്തിയാൽ ഉത്പാദന മേഖലയിലെ നിരവധി സംരംഭങ്ങൾക്ക് സാധ്യത തെളിയും. പദ്ധതികളിലൂടെ ഇരിക്കൂറിൽ കാർഷിക മൂല്യ വർധന ഉല്പന്ന സംരംഭങ്ങൾക്ക് ഏറെ സാധ്യതയുണ്ട്.
ഇരിക്കൂറിലെ ടൂറിസം മേഖലയുടെ വളർച്ചയ്ക്കായി വിവിധ കേന്ദ്രങ്ങളിലേക്കുള്ള റോഡുകൾ ഉൾപ്പടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തിയതായും ശേഷിക്കുന്ന പദ്ധതികൾ സമയബന്ധിതമായി പൂർത്തീകരിക്കാൻ ഊർജിത ശ്രമങ്ങൾ നടക്കുന്നതായും എം.എൽ എ അറിയിച്ചു.
ഇരുനനുറോളം പ്രതിനിധികൾ പങ്കെടുത്ത പരിപാടിയിൽ നൂറിലധികം സംരഭകർ പങ്കെടുത്തു. അതിൽ തന്നെ എഴുപതോളം നവസംരഭകർ ആണ് പുതിയ പദ്ധതികൾ പ്രഖ്യാപിച്ചത്. രണ്ട് വർഷം മുൻപ് പ്രഖ്യാപിച്ച പദ്ധതികൾക്ക് പുറമേ പ്രഖ്യാപിച്ചതാണിവ.