ചെമ്പന്തൊട്ടി: നവംബർ 11 മുതൽ 14 വരെ ചെമ്പന്തൊട്ടി സെന്റ് ജോർജ് ഹൈസ്കൂൾ, ചെറുപുഷ്പം യുപി സ്കൂൾ എന്നിവിടങ്ങളിലെ പന്ത്രണ്ട് വേദികളിലായി നടക്കുന്ന ഇരിക്കൂർ ഉപജില്ലാ കലോത്സവത്തിനുള്ള സോഷ്യൽ മീഡിയ കാമ്പയിനിന്റെ ഭാഗമായി "കുട്ടിക്കൂട്ടം ഡോട്ട് കോം' എന്ന പേരിൽ ബ്ലോഗ് ആരംഭിച്ചു.
സംഘാടക സമിതി ചെയർപേഴ്സണായ ശ്രീകണ്ഠപുരം നഗരസഭാധ്യക്ഷ കെ.വി. ഫിലോമിന ബ്ലോഗിന്റെ സ്വിച്ച്ഓൺ കർമം നിർവഹിച്ചു. സംഘാടക സമിതി രക്ഷാധികാരിയായ സ്കൂൾ മാനേജർ ഫാ. ആന്റണി മഞ്ഞളാംകുന്നേൽ, നഗരസഭ വൈസ് ചെയർമാൻ കെ. ശിവദാസൻ, സ്ഥിരം സമിതി അധ്യക്ഷരായ കെ.സി. ജോസഫ് കൊന്നയ്ക്കൽ, പി.പി. ചന്ദ്രാംഗതൻ, ജോസഫീന വർഗീസ്, ത്രേസ്യാമ്മ മാത്യു, നസീമ വയൽപ്പാത്ത്, പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ കെ.ജെ. ചാക്കോ കൊന്നയ്ക്കൽ, വാർഡ് കൗൺസിലർമാരായ എം.വി. ഷീന, കെ.വി. ഗീത എന്നിവർ പങ്കെടുത്തു.
കലോത്സവ ജനറൽ കൺവീനർ ബിജു സി. ഏബ്രഹാം, ജോയിന്റ് കൺവീനർ ലവ്ലി എം. പോൾ, പബ്ലിസിറ്റി കമ്മിറ്റി കൺവീനർ പ്രിൻസ് തോമസ്, ഹൈസ്കൂൾ പിടിഎ പ്രസിഡന്റ് സജി അടവിച്ചിറ, യുപി സ്കൂൾ പിടിഎ പ്രസിഡന്റ് തോമസ് കുര്യൻ, ഷീജ പുഴക്കര, പ്രീമ സണ്ണി, കെ.വി. രാജേഷ്, വി.എം. തോമസ്, ഡോളി സെബാസ്റ്റ്യൻ, ഷാലിമ സി. മാത്യു, റോസ്മേരി സെബാസ്റ്റ്യൻ, ജൂബി പോൾ, സോണി തുരുത്തിമറ്റം, ജിയോ ജേക്കബ് എന്നിവർ പ്രസംഗിച്ചു. ഇരിക്കൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകനും എഴുത്തുകാരനുമായ കെ.പി. സുനിൽ കുമാർ വിശിഷ്ടാതിഥിയായിരുന്നു.
ചെമ്പന്തൊട്ടി സെന്റ് ജോർജ് ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർഥികളാണ് കുട്ടിക്കൂട്ടം ഡോട്ട് കോമിന്റെ അണിയറയിൽ പ്രവർത്തിക്കുന്നത്. ഈ ബ്ലോഗിലൂടെ വേദികളുടെ ലൊക്കേഷൻ, റൂട്ട് മാപ്പ്, പ്രോഗ്രാം ചാർട്ട് തുടങ്ങിയവ കൂടാതെ അതാത് സമയത്തെ മത്സര ഫലങ്ങളും തത്സമയം ലഭിക്കും. മത്സര ഫലങ്ങളുടെ പകർപ്പ് ആവശ്യക്കാർക്ക് നൽകുന്നതിനായി "റിസൽട്ട് കിയോസ്ക്കും' കുട്ടിക്കൂട്ടം ഡോട്ട് കോം ഒരുക്കുന്നുണ്ട്. പ്രോഗ്രാം കൺവീനർ ജോയ്സ് സഖറിയാസ്, ജോയിന്റ് കൺവീനർ രജിത് എം. ജോർജ്, കൈറ്റ് മിസ്ട്രസ് പി. ജ്യോതി എന്നിവർ നേതൃത്വം നൽകും.