ലാ ലിഗ അട്ടിമറി; അത്ലറ്റികോ മാഡ്രിഡിന് തോൽവി
Monday, April 21, 2025 2:26 AM IST
ബാഴ്സലോണ: ലാ ലിഗ ഫുട്ബോളിൽ അത്ലറ്റികോ മാഡ്രിഡിനെ അട്ടിമറിച്ച് ലാസ് പാൽമാസ്. മത്സരത്തിന്റെ അവസാന നിമിഷം പിറന്ന ഗോളാണ് മാഡ്രിഡിനെ ഞെട്ടിച്ചത്. 90+3-ാം മിനിറ്റിൽ ജാവി മുനോസ് നേടിയ ഗോളാണ് പാൽമാസിന് വിജയമൊരുക്കിയത്. തോൽവിയോടെ അത്ലറ്റികോ പോയിന്റ് പട്ടികയിൽ ഒന്നാമതുള്ള ബാഴ്സയേക്കാൾ പത്ത് പോയിന്റ് പിറകിലായി.
17-ാം സ്ഥാനത്തുള്ള ലാസ് പാൽമാസിനെതിരേ ആധിപത്യത്തോടെ അത്ലറ്റികോ കളിച്ചു. എന്നാൽ പാൽമാസ് ശക്തമായ പ്രതിരോധം തീർത്തതോടെ അത്ലറ്റികോ താരങ്ങൾക്ക് ലക്ഷ്യം കാണാൻ സാധിച്ചില്ല. വിരസമായ ഇരു പാദങ്ങളും അവസാനിച്ചതോടെ സമനില പ്രതീക്ഷിച്ച മത്സരത്തിൽ അപ്രതീക്ഷിത ഗോൾ അത്ലറ്റികോ താരങ്ങളെയും ആരാധകരെയും ഞെട്ടിച്ചു.
32 മത്സരത്തിൽ നിന്ന് 73 പോയന്റുമായി ഒന്നാം സ്ഥാനത്തുള്ള ബാഴ്സയേക്കാൾ 10 പോയന്റ് പിന്നിലായി 63 പോയിന്റുമായി അത്ലറ്റികോ മാഡ്രിഡ് മൂന്നാം സ്ഥാനത്താണ്. 66 പോയിന്റുമായി റയൽ മാഡ്രിഡാണ് രണ്ടാം സ്ഥാനത്ത്.
മറ്റൊരു മത്സരത്തിൽ വല്ലഡോലിഡ് (2-3) ഒസാസുനയോട് തോൽവി വഴങ്ങി. ആന്റെ ബുദ്ധിമീർ (9*, 60*), ഇരട്ട ഗോളുകളും റൂബൻ ഗാർസിയ സന്റോഷിന്റെ (34*) ഗോളുമാണ് ഒസാസുനയ്ക്ക് ജയമൊരുക്കിയത്. റൗൾ മുറോ (49*), മാമഡൗ സൈല്ല (66*) ആണ് വല്ലഡോലിഡിനായി സ്കോർ ചെയ്തത്.