കുതിപ്പു തുടർന്ന് ലിവർപൂൾ
Tuesday, April 22, 2025 2:23 AM IST
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ ഒന്നാം സ്ഥാനത്ത് കുതിപ്പ് തുടർന്ന് ലിവർപൂൾ. ലെസ്റ്റർ സിറ്റിക്കെതിരേ നടന്ന മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിന് ജയിച്ച് 79 പോയിന്റുമായി രണ്ടാം സ്ഥാനത്തുള്ള ആഴ്സണലിനേക്കാൾ 13 പോയിന്റ് മുന്നിലെത്തി.
33 മത്സരങ്ങളിൽ 24 ജയവും ഏഴ് സമനിലയുമാണ് ലിവർപൂളിനുള്ളത്. രണ്ട് മത്സരങ്ങളിൽ മാത്രമാണ് തോൽവി വഴങ്ങിയത്. ജയത്തോടെ പ്രീമിയർ ലീഗ് കിരീടത്തിന് ഒരു പടി കൂടി ലിവർപൂൾ അടുത്തു.
ലിവർപൂൾ ആധിപത്യം പുലർത്തിയെങ്കിലും ലെസ്റ്റർ സിറ്റി ഗോൾ വഴങ്ങിയിരുന്നില്ല. വിരസമായ ആദ്യ പാദത്തിനു ശേഷം രണ്ടാം പാദത്തിലെ 76-ാം മിനിറ്റിൽ ട്രെന്റ് അലക്സാണ്ടർ അർണോൾഡിന്റെ കാലുകളിൽനിന്നായിരുന്നു ലിവർപൂളിന്റെ വിജയ ഗോൾ.