കലിംഗ സൂപ്പർ കപ്പ്: ബ്ലാസ്റ്റേഴ്സ് ബ്ലാസ്റ്റ്
Monday, April 21, 2025 2:26 AM IST
ഭുവനേശ്വർ: കലിംഗ സൂപ്പർ കപ്പ് ഉദ്ഘാടന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് തകർപ്പൻ ജയം. നിലവിലെ ചാന്പ്യ·ാരായ ഈസ്റ്റ് ബംഗാൾ എഫ്സിയെ 2-0ന് പരാജയപ്പെടുത്തി വന്പൻ ജയത്തോടെ ബ്ലാസ്റ്റേഴ്സ് സൂപ്പർകപ്പിന് തുടക്കമിട്ടു.
മുഖ്യ പരിശീലകനായി ഡേവിഡ് കാറ്റല ചുമതലയേറ്റെടുത്തശേഷമുള്ള ആദ്യ മത്സരത്തിൽ ജീസസ് ജിമെനെസിന്റെ ആദ്യ പകുതിയിലെ ഗോളും നോഹ സദൗയിയുടെ രണ്ടാം പകുതിയിലെ ഗോളുമാണ് ബ്ലാസ്റ്റേഴ്സിന് വിജയം ഉറപ്പാക്കിയത്.
ബ്ലാസ്റ്റേഴ്സ് തുടക്കത്തിൽ തന്നെ നിരവധി അവസരങ്ങൾ സൃഷ്ടിച്ചു. എന്നാൽ അവസരങ്ങൾ ഗോളാക്കി മാറ്റാൻ കഴിഞ്ഞില്ല. 41-ാം മിനിറ്റിൽ നോഹയെ ബോക്സിൽ ഈസ്റ്റ് ബംഗാൾ താരം അൻവർ അലി വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി ഗോളാക്കി മാറ്റിയാണ് മത്സരത്തിൽ മുന്നിലെത്തിയത്. 66-ാം മിനിറ്റിൽ രണ്ടാം ഗോൾ ലക്ഷ്യം കണ്ട് ബ്ലാസ്റ്റേഴ്സ് ഈസ്റ്റ് ബംഗാളിനെ ഞെട്ടിച്ച് വിജയം നേടി.