രണ്ടാംപാദ ക്വാര്‍ട്ടറില്‍ ബാഴ്സയും പിഎസ്ജിയും തോറ്റു
Thursday, April 17, 2025 12:40 AM IST
ഡോര്‍ട്ട്മുണ്ട്/ബര്‍മിംഗ്ഹാം: തിണ്ണമിടുക്കിനു തിണ്ണയില്‍ത്തന്നെ മറുപടി നല്കി ജര്‍മന്‍ ക്ലബ് ബൊറൂസിയ ഡോര്‍ട്ട്മുണ്ടും ഇംഗ്ലീഷ് സംഘം ആസ്റ്റണ്‍ വില്ലയും.
യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോള്‍ 2024-25 സീസണ് ആദ്യപാദ ക്വാര്‍ട്ടറിലെ തോല്‍വിക്കു ഡോര്‍ട്ട്മുണ്ടും ആസ്റ്റണ്‍ വില്ലയും സ്വന്തം തട്ടകത്തില്‍ നടന്ന രണ്ടാംപാദത്തില്‍ പകരംവീട്ടി. രണ്ടാംപാദത്തില്‍ ഞെട്ടിയെങ്കിലും ക്വാര്‍ട്ടറില്‍ ഞെട്ടറ്റുവീഴാതെ ബാഴ്സയും പിഎസ്ജിയും സെമിയിലെത്തി. ആദ്യപാദത്തിലെ വമ്പന്‍ ജയമാണ് ഇരുടീമിനും രക്ഷയായത്.
ഡോര്‍ട്ട്മുണ്ട് 3-1 ബാഴ്സ (5-3)
ആദ്യപാദത്തില്‍ 4-0നു ജയിച്ച ബാഴ്സലോണയെ, ബൊറൂസിയ ഡോര്‍ട്ട്മുണ്ട് രണ്ടാംപാദത്തില്‍ 3-1നു കെട്ടുകെട്ടിച്ചു. ബാഴ്സയുടെ അക്കൗണ്ടില്‍ ചേര്‍ക്കപ്പെട്ട ഗോള്‍ സെല്‍ഫായിരുന്നു.
സെര്‍ഹൗ ഗുയിരാസി (11’ പെനാല്‍റ്റി, 49’, 76’) ഡോര്‍ട്ട്മുണ്ടിനായി ഹാട്രിക് സ്വന്തമാക്കി. എങ്കിലും, സ്വന്തം തട്ടകത്തിലെ 4-0ന്റെ ജയം നല്കിയ ആധികാരികതയിലൂടെ ഇരുപാദങ്ങളിലുമായി 5-3ന്റെ ക്വാര്‍ട്ടര്‍ ജയത്തോടെ ബാഴ്സലോണ സെമിയിലേക്കു മുന്നേറി.
സ്പാനിഷ് ക്ലബ്ബിന്റെ തുടര്‍ച്ചയായ 24 മത്സരങ്ങളിലെ അപരാജിത കുതിപ്പിന് ഡോര്‍ട്ട്മുണ്ട് വിരാമമിട്ടു. യൂറോപ്യന്‍ പോരാട്ടങ്ങളില്‍ ഡോര്‍ട്ട്മുണ്ട് ബാഴ്സലോണയെ കീഴടക്കുന്നത് ഇതാദ്യമാണ്. 2018-19നുശേഷം ആദ്യമായാണ് ബാഴ്സലോണ ചാമ്പ്യന്‍സ് ലീഗ് സെമിയില്‍ പ്രവേശിക്കുന്നത്.
ആസ്റ്റണ്‍ വില്ല 3-2 പിഎസ്ജി (5-4)
പിഎസ്ജിയുടെ തട്ടകത്തില്‍ നടന്ന ആദ്യപാദത്തില്‍ 3-1നു പരാജയപ്പെട്ട ആസ്റ്റണ്‍ വില്ല, സ്വന്തം തട്ടകത്തിലെ രണ്ടാംപാദ ക്വാര്‍ട്ടറില്‍ 3-2നു ജയിച്ചു.
എന്നാല്‍, ഇരുപാദങ്ങളിലുമായി 5-4ന്റെ ജയത്തോടെ ഫ്രഞ്ച് ക്ലബ് സെമിയില്‍ പ്രവേശിച്ചു. അക്രാഫ് ഹക്കിമി (11’), നൂനോ മെന്‍ഡസ് (27’) എന്നിവര്‍ പിഎസ്ജിക്കായി രണ്ടാംപാദത്തില്‍ 2-0ന്റെ ലീഡ് നല്കി. എന്നാല്‍, തുടര്‍ന്ന് ആസ്റ്റണ്‍ വില്ലയുടെ തിരിച്ചുവരവായിരുന്നു.
യുവി ടൈലിമാന്‍സ് (34’), ജോണ്‍ മക്ഗിന്‍ (55’), എസ്രി കോന്‍സ (57’) എന്നിവരിലൂടെ ആസ്റ്റണ്‍ വില്ല 3-1നു മുന്നില്‍. എന്നാല്‍, മത്സരം അധിക സമയത്തേക്കു നീട്ടാനുള്ള നാലാം ഗോള്‍ നേടാന്‍ ആസ്റ്റണ്‍ വില്ലയ്ക്കു സാധിച്ചില്ല. അതോടെ പിഎസ്ജി സെമിയിലേക്ക്.
ചാമ്പ്യന്‍സ് ലീഗില്‍ പിഎസ്ജിയുടെ അഞ്ചാം സെമി ഫൈനല്‍ പ്രവേശമാണ്. ആസ്റ്റണ്‍ വില്ലയുടെ ചാമ്പ്യന്‍സ് ലീഗ് അരങ്ങേറ്റ സീസണ് ആയിരുന്നു. ചാമ്പ്യന്‍സ് ലീഗില്‍ അരങ്ങേറ്റ സീസണില്‍ ഏറ്റവും കൂടുതല്‍ ജയം നേടുന്ന ക്ലബ് (എട്ട്) എന്ന റിക്കാര്‍ഡിനൊപ്പമെത്തി വില്ലക്കാര്‍ മടങ്ങി.