അഭിഷേക് നായർ ഇനി കോൽക്കത്തയെ പരിശീലിപ്പിക്കും
Sunday, April 20, 2025 12:37 AM IST
കോൽക്കത്ത: ഐപിഎൽ ക്രിക്കറ്റ് ട്വന്റി20 2025 സീസണിൽ കോൽക്കത്ത നൈറ്റ് റൈഡേഴ്സ് പരിശീലക അംഗമായി ഇന്ത്യയുടെ ദേശീയ പുരുഷ ക്രിക്കറ്റ് ടീം മുൻ അസിസ്റ്റന്റ് കോച്ച് അഭിഷേക് നായരെ നിയമിച്ചു.
നിലവിലെ ചാന്പ്യൻമാർ സമൂഹമാധ്യമത്തിലെ പോസ്റ്റിലൂടെയാണ് അഭിഷേകിന്റെ നിയമനം ആരാധകരെ അറിയിച്ചത്. എന്നാൽ അദ്ദേഹത്തിന്റെ ചുമതലയെന്തെന്ന് കോൽക്കത്ത ടീം വ്യക്തമാക്കിയിട്ടില്ല.
ഇന്ത്യയുടെ ദേശീയ പുരുഷ ക്രിക്കറ്റ് ടീം അസിസ്റ്റന്റ് കോച്ച് സ്ഥാനത്തുനിന്ന് ഈ ആഴ്ചയാണ് അഭിഷേകിനെ ബിസിസിഐ പുറത്താക്കിയത്. ഡ്രസിംഗ് റൂമിലെ രഹസ്യങ്ങൾ ചോരുന്നതിലടക്കം അഭിഷേകിന്റെ പങ്ക് ചൂണ്ടിക്കാട്ടിയായിരുന്നു ബിസിസിഐ നടപടി. അഭിഷേകിനൊപ്പം ഫീൽഡിംഗ് കോച്ച് ടി. ദിലീപിനെയും പുറത്താക്കി.
2024ൽ ഗംഭീർ ഇന്ത്യൻ ടീം ഹെഡ് കോച്ചായി സ്ഥാനമേറ്റതോടെയാണ് അഭിഷേകും ഒപ്പം ചേർന്നത്.