ലക്കി ലക്നോ
Sunday, April 20, 2025 12:37 AM IST
ജയ്പുർ: ഐപിഎൽ ട്വന്റി20 ക്രിക്കറ്റ് ത്രില്ലർ പോരാട്ടത്തിൽ രാജസ്ഥാൻ റോയൽസിനെ രണ്ട് റണ്‍സിന് പരാജയപ്പെടുത്തി ലക്നോ സൂപ്പർ ജയ്ന്റസ്.
ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ലക്നോ ഉയർത്തിയ 180 റണ്‍സ് ലക്ഷ്യത്തിലേക്ക് മറുപടി പറഞ്ഞ രാജസ്ഥാന് 178 റണ്‍സ് എടുക്കാനേ സാധിച്ചുള്ളൂ. സ്കോർ: ലക്നോ: 20 ഓവറിൽ 180/5. രാജസ്ഥാൻ: 20 ഓവറിൽ 178/5.
എയ്ഡൻ മക്രം (66), ആയുഷ് ബദോനി (50), അബ്ദുൽ സമത് (10 പന്തിൽ 30 റണ്‍സ്) ലക്നോ സ്കോർ 180ൽ എത്തിച്ചു. മറുപടി ബാറ്റിംഗിൽ രാജസ്ഥാനുവേണ്ടി യശസ്വി ജയ്സ്വാളും (74) അരങ്ങേറ്റ താരം വൈഭവ് സൂര്യവംശിയും (20 പന്തിൽ 34 റണ്‍സ്) ചേർന്ന് തകർത്തടിച്ചു.
എന്നാൽ അവസാന ഓവറിൽ രാജസ്ഥാനിൽനിന്ന് ലക്നോ ജയം പിടിച്ചെടുത്തു.
ചിന്ന താരം; വൈഭവ് സൂര്യവംശി

ഐപിഎൽ അരങ്ങേറ്റം കുറിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന ചരിത്രം കുറിച്ച് രാജസ്ഥാൻ റോയൽസിന്റെ പതിനാലുകാരൻ വൈഭവ് സൂര്യവംശി.
2008ൽ ഐപിഎൽ ആദ്യ സീസണ് ആരംഭിച്ചതിനുശേഷം ജനിച്ച ഒരു താരം ഐപിഎൽ മത്സരത്തിൽ അരങ്ങേറുന്നതും ആദ്യം. 2011ലാണ് ബീഹാർ സ്വദേശിയായ വൈഭവിന്റെ ജനനം.
ലക്നോവിനെതിരായ മത്സരത്തിൽ ക്യാപ്റ്റൻ സഞ്ജു സാംസണ് പരിക്കിനെ തുടർന്ന് കളിക്കാതിരുന്നതോടെയാണ് വൈഭവിന് അരങ്ങേറ്റം കുറിക്കാൻ അവസരം ലഭിച്ചത്. ഇംപാക്ട് പ്ലെയറായി ഇറങ്ങിയ ഇടംകൈയൻ ബാറ്ററായ താരം നേരിട്ട ആദ്യ പന്ത് അതിർത്തി കടത്തി വരവറിയിച്ചു.