രോഹിത് ഹിറ്റ്
Monday, April 21, 2025 2:26 AM IST
മുംബൈ: സ്വന്തം തട്ടകത്തിൽ ചെന്നൈ സൂപ്പർ കിംഗ്സിനെ നാണംകെടുത്തി മുംബൈ ഇന്ത്യൻസ്. 176 റണ്‍സ് വിജയലക്ഷ്യം 26 പന്തുകൾ ശേഷിക്കേ ഒരു വിക്കറ്റ് നഷ്ടത്തിൽ മുംബൈെ മറികടന്നു. ടോസ് നേടി ഫീൽഡിംഗ് തെരഞ്ഞെടുത്ത മുംബൈ ചെന്നൈയുടെ ഓപ്പണിംഗ് ബാറ്റർമാരെ നിലയുറപ്പിക്കും മുന്‍പ് വീഴ്ത്തി. അരങ്ങേറ്റ താരം ആയുഷ് മാത്രെ സമ്മർദഘട്ടത്തിൽ തകർത്തടിച്ചു. സ്കോർ: ചെന്നൈ: 20 ഓവറിൽ 176/5. മുംബൈ: 15.4 ഓവറിൽ 177/1.
ടോസ് നഷ്ടപ്പെട്ട് ചാറ്റ് ചെയ്ത ചെന്നൈയുടെ ഓപ്പണിംഗ് സഖ്യം നിരാശപ്പെടുത്തി. അരങ്ങേറ്റം കുറിച്ച 17കാരൻ ആയുഷ് മാത്രെ (15 പന്തിൽ 32 റണ്‍സ്) സ്കോർ ചലിപ്പിച്ചു. രവീന്ദ്ര ജഡേജ (53*), ശിവം ദുബെ (50) അർധസെഞ്ചുറികൾ പൊരുതാവുന്ന സ്കോറിലേക്ക് ചെന്നൈയെ നയിച്ചു.
മറുപടി ബാറ്റിംഗില്‍ മുംബൈ ഓപ്പണിംഗ് സഖ്യം അതിവേഗം സ്കോർ ചെയ്തു. 62ൽ നിൽക്കേ റയാൻ റിക്കിൾട്ടൻ (24) പുറത്തായി. അർധസെഞ്ചുറിയുമായി രോഹിത് ശർമയും (76) സൂര്യകുമാർ യാദവും (68) പുറത്താകാതെ ജയം നേടി.
ആയുഷ് മാത്രെ
ചെന്നൈ സൂപ്പർ കിംഗ്സിനായി അരങ്ങേറ്റം കുറിച്ച് 17കാരൻ ആയുഷ് മാത്രെ. മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിലാണ് ആയുഷ് മാത്രെ ചെന്നൈക്കായി അരങ്ങേറ്റം കുറിച്ചത്.

ആഭ്യന്തര താരങ്ങൾക്കൊപ്പം ട്രയലിനെത്തിയ മാത്രെയുടെ അഗ്രസീവ് ബാറ്റിംഗ് മികവ് കണ്ടാണ് ചെന്നൈ കഴിഞ്ഞ ലേലത്തിൽ 30 ലക്ഷം രൂപയ്ക്ക് താരത്തെ ഒപ്പം കൂട്ടിയത്. ഒന്‍പത് ഫസ്റ്റ് ക്ലാസ് മത്സരങ്ങളും ഏഴ് ലിസ്റ്റ് എ മത്സരങ്ങളും കളിച്ചിട്ടുള്ള മാത്രെ 962 റണ്‍സ് നേടിയിട്ടുണ്ട്.