കലിംഗ സൂപ്പർ കപ്പ് ; നാളെ കിക്കോഫ്
Sunday, April 20, 2025 12:37 AM IST
ഭുവനേശ്വർ: ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) ആവേശം ഒടുങ്ങുംമുന്നേ വീണ്ടും ഫുട്ബോൾ ആരവം. ഐഎസ്എൽ, ഐ ലീഗ് ഫുട്ബോൾ ക്ലബ്ബുകൾ മാറ്റുരയ്ക്കുന്ന കലിംഗ സൂപ്പർ കപ്പിന് നാളെ ഒഡീഷയിലെ ഭുവനേശ്വറിൽ തുടക്കം.
ഐഎസ്എല്ലിൽ നിന്നുള്ള 13 ക്ലബ്ബുകളും ഐ-ലീഗിൽ നിന്നുള്ള മൂന്ന് ക്ലബ്ബുകളും ഉൾപ്പെടെ 16 ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്റ് നോക്കൗട്ട് ഫോർമാറ്റിലാണ് നടക്കുക. കലിംഗസ്റ്റേഡിയത്തിൽ നാല് ഗ്രൂപ്പായി തിരിഞ്ഞുള്ള പോരാട്ടത്തിൽ ഗ്രൂപ്പ് ജേതാക്കൾ സെമിഫൈനലിൽ പ്രവേശിക്കും. ഉദ്ഘാടന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് കോൽക്കത്ത ഈസ്റ്റ് ബംഗാളിനെ നേരിടും.
2024-25 സീസണിലെ അവസാന ലീഗ് സ്ഥാനങ്ങളുടെ അടിസ്ഥാനത്തിലാണ് ഐഎസ്എൽ ടീമുകൾ സൂപ്പർ കപ്പിലേക്കെത്തുന്നത്. ഗോകുലം കേരള, ഇന്റർ കാശി എന്നിവരാണ് ടൂർണമെന്റിൽ പങ്കെടുക്കുന്ന ഐ-ലീഗ് ക്ലബ്ബുകൾ. ഗോകുലം കേരള എഫ്സി ഗോവയെയും ഇന്റർ കാശി ബംഗളൂരു എഫ്സിയെയും നേരിടും.
ഏപ്രിൽ 20നും 24നും ഇടയിലാണ് റൗണ്ട് ഓഫ് 16 മത്സരങ്ങൾ നടക്കുന്നത്. ക്വാർട്ടർ മത്സരങ്ങൾ ഏപ്രിൽ 26നും 27നും രണ്ട് സെമിഫൈനൽ മത്സരങ്ങൾ ഏപ്രിൽ 30നും നടക്കും. സൂപ്പർ കപ്പ് ഫൈനൽ മേയ് മൂന്നിനും നടക്കും.
2025ലെ സൂപ്പർ കപ്പ് ജേതാവ് എഎഫ്സി ചാന്പ്യൻസ് ലീഗ് 2 പ്ലേ ഓഫിൽ സ്ഥാനം ഉറപ്പാക്കും. കഴിഞ്ഞ പതിപ്പിൽ ഈസ്റ്റ് ബംഗാളാണ് സൂപ്പർ കപ്പ് കിരീടത്തിൽ മുത്തമിട്ടത്.
2018ൽ ഭുവനേശ്വർ ആതിഥേയത്വം വഹിച്ച ആദ്യ പതിപ്പിൽ ബംഗളൂരു എഫ്സി കിരീടമുയർത്തി. അടുത്ത വർഷം ചെന്നൈയിൻ എഫ്സിയെ പരാജയപ്പെടുത്തി എഫ്സി ഗോവ കപ്പ് നേടി.
കോവിഡ് പകർച്ചവ്യാധി മൂലം 2020- 22 വർഷങ്ങളിൽ ടൂർണമെന്റ് നടന്നില്ല. 2023ൽ ബംഗളൂരു എഫ്സിയെ തോൽപ്പിച്ച് ഒഡീഷ എഫ്സി കിരീടമുയർത്തി.
ചർച്ചിൽ ബ്രദേഴ്സ് പിന്മാറി
ഐ-ലീഗ് ക്ലബ്ബായ ചർച്ചിൽ ബ്രദേഴ്സ് നേരത്തേ ടൂർണമെന്റിൽനിന്ന് പിന്മാറിയിരുന്നു. ഐ ലീഗ് ചാന്പ്യന്മാരായി അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ തങ്ങളെ പ്രഖ്യാപിക്കാൻ വൈകുന്നതിൽ പ്രതിഷേധിച്ചായിരുന്നു പിന്മാറ്റം. സൂപ്പർ കപ്പ് മത്സരക്രമം നറുക്കെടുപ്പിലും പ്രശ്നമുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് ചർച്ചിലിന്റെ പിന്മാറ്റം.