അഭിഷേക് നായർ, ദിലീപ് ഔട്ട്
Friday, April 18, 2025 12:51 AM IST
ന്യൂഡൽഹി: ഇംഗ്ലണ്ടിനെതിരേ ജൂണിൽ നടക്കുന്ന ടെസ്റ്റ് പരന്പരയ്ക്ക് മുന്പായി ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലക സംഘത്തിൽ വൻ അഴിച്ചുപണി.
മുഖ്യപരിശീലകൻ ഗൗതം ഗംഭീറിന്റെ സന്തതസഹചാരിയും അസിസ്റ്റന്റുമായ അഭിഷേക് നായർ ഫീൽഡിംഗ് കോച്ച് ടി. ദിലീപ് എന്നിവരെ ബിസിസിഐ പുറത്താക്കി.
ന്യൂസിലൻഡിനെതിരേയും ഓസ്ട്രേലിയയ്ക്കെതിരേയും നടന്ന ടെസ്റ്റ് പരന്പരയിൽ ഇന്ത്യ വന്പൻ പരാജയം ഏറ്റുവാങ്ങിയതോടെ പരിശീലക സംഘത്തിൽ മാറ്റം വരുമെന്ന് ഉറപ്പായിരുന്നു. ഓസ്ട്രേലിയൻ പര്യടനത്തിന് പിന്നാലെ ബാറ്റിംഗ് പരിശീലകനായി ഷിതാൻഷു കൊട്ടകിനെ ബിസിസിഐ നിയമിക്കുകയും ചെയ്തു.
ടീം രഹസ്യം ചോർത്തി
കോച്ച് ഗൗതം ഗംഭീറിനും ക്യാപ്റ്റൻ രോഹിത് ശർമയ്ക്കും ഇടയിലെ സംഭവവികാസങ്ങളടക്കമുള്ള ഡ്രസിംഗ് റൂമിലെ രഹസ്യങ്ങൾ ചോരുന്നതിൽ അഭിഷേകിന് പങ്കുണ്ടെന്നാണ് ബിസിസിഐ വിലയിരുത്തൽ.
കഴിഞ്ഞുപോയ മാസങ്ങളിൽ ബിസിസിഐ അവലോകന യോഗങ്ങളിൽ ടീം മാനേജ്മെന്റിലെ മറ്റ് അംഗങ്ങളിൽ നിന്ന് അഭിഷേകിനെതിരേ മോശം റിപ്പോർട്ടുകളാണ് ബിസിസിഐക്ക് ലഭിച്ചത്.
രാഹുൽ ദ്രാവിഡിന്റെ നേതൃത്വത്തിലുള്ള മുൻ പരിശീലക സംഘത്തിൽനിന്ന് നിലനിർത്തിയ ഏക അംഗമായിരുന്നു ടി. ദിലീപ്. ഇംഗ്ലണ്ട് പര്യടനത്തിൽ, അസിസ്റ്റന്റ് കോച്ച് റയാൻ ടെൻഡോഷെ ഫീൽഡിംഗ് യൂണിറ്റിന്റെ അധികചുമതല വഹിക്കുമെന്നാണ് സൂചന. മോൺ മോർക്കൽ ബൗളിംഗ് പരിശീലകനായി തുടരും.