സീനിയര്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിനു നാളെ തുടക്കം
Sunday, April 20, 2025 12:37 AM IST
കൊച്ചി: 28-ാമത് ദേശീയ ഫെഡറേഷന് സീനിയര്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിന് നാളെ എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ടില്‍ തുടക്കമാകും. ഇതു രണ്ടാം തവണയാണ് കേരള അത്ലറ്റിക് അസോസിയേഷന് ദേശീയ ഫെഡറേഷന് മീറ്റിന് ആതിഥ്യം വഹിക്കുന്നത്.
ഒളിമ്പ്യന്മാരും നിലവിലെ റിക്കാര്‍ഡ് ജേതാക്കളുമുള്പ്പെടെ 580 അത്ലറ്റുകൾ മീറ്റിൽ മാറ്റുരയ്ക്കും. 120ലേറെ വരുന്ന ടെക്നിക്കല്‍ ഒഫീഷ്യല്‍സും മത്സരങ്ങള്‍ നിയന്ത്രിക്കും. മേയ് 27 മുതല്‍ ദക്ഷിണ കൊറിയയില്‍ നടക്കുന്ന ഏഷ്യന്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിനുള്ള പ്രധാന യോഗ്യതാ മീറ്റ് കൂടിയായതിനാല്‍ മിക്ക താരങ്ങളും ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നുണ്ട്.
ആകെ 38 ഫൈനലുകളാണുള്ളത്. നാളെ രാവിലെ ആറിന് പുരുഷ വിഭാഗം 10,000 മീറ്റര്‍ ഓട്ടമത്സരത്തോടെ ട്രാക്കുണരും. പിന്നാലെ വനിതാ വിഭാഗം മത്സരം. 100 മീറ്ററില്‍ ഉള്‍പ്പെടെ ആദ്യദിനം എട്ടിനങ്ങളിലാണ് ഫൈനല്‍.
400 മീറ്ററില്‍ അമോജ് ജേക്കബ്, ടി.എസ്. മനു, മുഹമ്മദ് അനസ്, 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ എം.പി. ജാബിര്‍, 800 മീറ്ററില്‍ മുഹമ്മദ് അഫ്സല്, ലോംഗ്ജംപില് ആന്‍സി സോജന്, പോള്‍വോള്‍ട്ടില്‍ മരിയ ജെയ്സണ്‍, ട്രിപ്പിള്‍ ജമ്പില്‍ എന്‍.വി. ഷീന തുടങ്ങിയ പ്രധാന താരങ്ങള്‍ മത്സരത്തിനുണ്ട്.