ജയസൂര്യയുടെ ബാറ്റും ഐപിഎല്ലും!
Thursday, April 17, 2025 12:40 AM IST
90 കിഡ്സിന്റെ ക്രിക്കറ്റ് കഥകളില്‍ കല്ലുവച്ചൊരു നുണയുണ്ടായിരുന്നു... അത് 70 കിഡ്സും 80 കിഡ്സുമെല്ലാം ആസ്വദിച്ചു... കഥയിതാണ്; ശ്രീലങ്കന്‍ വെടിക്കെട്ട് ഓപ്പണര്‍ സനത് ജയസൂര്യയുടെ ബാറ്റില്‍ സ്പ്രിംഗ് ഉണ്ട്! അല്ലെങ്കില്‍ പിന്നെങ്ങനെ ആ ബാറ്റില്കൊള്ളുന്ന പന്ത് തുടരെ ബൗണ്ടറി കടക്കും, കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയത്തിന്റെ ഫ്ളഡ്ലൈറ്റില്‍ കൊള്ളും! കഥയുടെ ഉദ്ഭവം എവിടെനിന്നാണെങ്കിലും ജയസൂര്യയുടെ സ്പ്രിംഗ് ബാറ്റിനെ കുറിച്ചു കേട്ടവര്‍കേട്ടവര്‍ വിശ്വസിച്ചു, കേള്‍ക്കാത്തവര്‍ക്കായി പകര്‍ന്നു നല്കി...
ക്രിക്കറ്റ് ലോകം പലതരം ബാറ്റുകള്‍ കണ്ടു. സച്ചിന് തെണ്ടുല്‍ക്കറിന്റെ ഹെവിവെയ്റ്റ് ബാറ്റ്, 1983 ലോകകപ്പില്‍ കപില്‍ ദേവ് ഉപയോഗിച്ച സ്ലാസെഞ്ചര് ഡബ്ല്യുജി ബാറ്റ്, ഓസീസ് ഓപ്പണര്‍ മാത്യു ഹെയ്ഡന്റെ മംഗൂസ് ബാറ്റ്... ഈ ബാറ്റ് കഥയെല്ലാം വീണ്ടും രംഗപ്രവേശം ചെയ്യാന്‍ ഒരു കാരണം മാത്രം, 2025 ഐപിഎല്‍ ട്വന്റി-20 ക്രിക്കറ്റില്‍ അമ്പയര്‍മാര്‍ താരങ്ങളുടെ ബാറ്റ് പരിശോധന സജീവമാക്കി.
ബാറ്റ് പരിശോധന തകൃതി

ഹെല്‍മറ്റ് ഇല്ലാതെ ഇരുചക്രവാഹനവുമായി നിരത്തിലിറങ്ങുമ്പോഴുള്ള നെഞ്ചിടിപ്പിനു സമാനമായിരിക്കും ഐപിഎല്‍ 2025 സീസണില്‍ ബാറ്റുമായി ക്രീസിലേക്കെത്തുന്ന കളിക്കാരുടെ അവസ്ഥ. അമ്പയര്‍ ബാറ്റ് പിടിച്ചെടുക്കുമോ, അതോ രക്ഷപ്പെടുമോ...? കോല്‍ക്കത്ത നൈറ്റ് റൈഡേഴ്സും പഞ്ചാബ് കിംഗ്സും തമ്മില്‍ മുള്ളന്‍പുരില്‍ ചൊവ്വാഴ്ച അരങ്ങേറിയ മത്സരത്തില്‍ ബാറ്റ് പരിശോധന തകൃതിയായി നടന്നു.
ആന്ദ്രെ റസല്‍, സുനില്‍ നരെയ്ന്, ആന്റിച്ച് നോര്‍ക്കിയ എന്നീ കോല്‍ക്കത്തന്‍ താരങ്ങള്‍ ക്രീസിലേക്ക് ആദ്യം കൊണ്ടുവന്ന ബാറ്റുമായി കളിക്കാന്‍ അമ്പയര്‍മാര്‍ അനുവദിച്ചില്ല. മൂവര്‍ക്കും ബാറ്റ് മാറ്റേണ്ടിവന്നു.
നരെയ്ന് കെകെആറിന്റെ ഓപ്പണറായതിനാല്‍ അദ്ദേഹം ക്രീസിലേക്ക് എത്തുന്നതിനു മുമ്പ് ഫോര്‍ത്ത് അമ്പയറാണ് ബാറ്റ് പരിശോധിച്ചതും മാറ്റണമെന്ന് ആവശ്യപ്പെട്ടതും. റസലും നോര്‍ക്കിയയും ഇന്നിംഗ്സിനിടെ ക്രീസിലേക്ക് എത്തിയപ്പോഴായിരുന്നു പരിശോധന.
മത്സരത്തില്‍ പഞ്ചാബ് കിംഗ്സ് 15.3 ഓവറില്‍ 111 റണ്‍സിനു പുറത്തായിരുന്നു. 15.1 ഓവറില്‍ കോല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ 95 റണ്‍സില്‍ എറിഞ്ഞിട്ട് പഞ്ചാബ് ജയം സ്വന്തമാക്കി. ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും ചെറിയ സ്കോര്‍ പ്രതിരോധിച്ച് ജയിക്കുക എന്ന റിക്കാര്‍ഡ് പഞ്ചാബ് ഇതിലൂടെ സ്വന്തമാക്കുകയും ചെയ്തു.
പരിശോധന ഇങ്ങനെ
2025 സീസണ് ഐപിഎല്ലിനു മുമ്പ് കളിക്കാരുടെ ബാറ്റ് പരിശോധിക്കാന്‍ തീരുമാനമായിരുന്നു. മത്സരത്തിനു മുമ്പ് പരിശോധന നടത്താനായിരുന്നു ആദ്യം തീരുമാനിച്ചത്. എന്നാല്‍, ക്രീസിലേക്ക് ഇറങ്ങുമ്പോള്‍ ബാറ്റ് പരിശോധിക്കാന്‍ നല്‍കിയതല്ലാത്ത ബാറ്റ് ഉപയോഗിച്ചേക്കാമെന്ന ലൂപ്പ്ഹോള്‍ ഉള്ളതിനാല്‍, കളത്തിലേക്ക് എത്തുമ്പോള്‍ മാത്രമാക്കി പരിശോധന.
ത്രികോണാകൃതിയിലുള്ള പ്ലാസ്റ്റിക് ഉപകരണത്തിനുള്ളിലൂടെ ബാറ്റ് കടത്തിവിട്ടാണ് അമ്പയര്‍മാര്‍ പരിശോധന നടത്തുന്നത്. ക്രിക്കറ്റ് ബാറ്റിന്റെ നിയമപരമായ അളവുകളും തൂക്കവുമാണ് ഇതിലുള്ളത്. കട്ടി/ആഴം (2.68 ഇഞ്ച്), വീതി (4.33 ഇഞ്ച്), അരികുകളുടെ കനം (1.61 ഇഞ്ച്) എന്നിവയാണ് ഈ അളവുകള്‍. കൂടാതെ, ബാറ്റിന്റെ താഴത്തെ പുറംഭാഗത്തിന്റെ വളവ് അല്ലെങ്കില്‍ വീക്കം 0.20 ഇഞ്ചില്‍ കൂടരുത്. ഈ നിര്‍ദേശങ്ങള്‍ക്കു വിരുദ്ധമായുള്ള ബാറ്റ് മാറ്റാന്‍ അമ്പയര്‍ ആവശ്യപ്പെടും.