കാഴ്ചപരിമിതി പിന്നിലാക്കിയ പൊന്നിൻ കുതിപ്പ്
Saturday, November 9, 2024 3:38 AM IST
കൊച്ചി: രണ്ടാം ക്ലാസിൽ പഠിക്കുമ്പോൾ അധ്യാപിക, പാഠപുസ്തകത്തിലെ വാക്കുകൾ വായിക്കാൻ പറഞ്ഞപ്പോൾ, ഒന്നും കാണാൻ പറ്റുന്നില്ലെന്നു പറഞ്ഞ ബാലൻ. അവന്റെ കാഴ്ച്ചക്കുറവ് എത്ര മാത്രമെന്ന് മാതാപിതാക്കൾക്ക് മനസിലായത് അന്നാണ്. ജന്മനായുള്ള കാഴ്ച്ചക്കുറവ് എന്നായിരുന്നു വിദഗ്ധ ഡോക്ടർമാരുടെ വിലയിരുത്തൽ.
പലവട്ടം കണ്ണടകൾ മാറി. കണ്ണട ഇല്ലെങ്കിൽ അൽപം അകലെയുള്ളതു പോലും കാണാൻ കഴിയില്ല. ഈ പരിമിതിയെ പടികടത്തിയാണ് കേരള സ്കൂൾ കായികമേളയിൽ 100 മീറ്ററിൽ ബി.എ. നിയാസ് അഹമ്മദ് സബ് ജൂണിയർ ആൺകുട്ടികളിൽ സ്വർണത്തിലേക്ക് കുതിച്ചെത്തിയത്. ഓട്ടത്തിൽ കൂട്ടായി കണ്ണടയും.
പരിമിതികൾക്ക് മുന്നിൽ പതറി നില്ക്കുകയല്ല , വീറോടെ പോരാടുകയെന്ന സന്ദേശമാണ് കാസർഗോഡ് അൻഗാൻഡിമോർ ഗവ. ഹയർസെക്കൻഡറി സ്കൂളിലെ ബി.എ. നിയാസ് അഹമ്മദെന്ന എട്ടാം ക്ലാസുകാരൻ ഇന്നലെ മഹാരാജാസ് സിന്തറ്റിക് ട്രാക്കിൽ കേരളക്കരയ്ക്കു മുന്നിൽ സ്വന്തം പ്രകടനംകൊണ്ട് പകർന്നത്.
സംസ്ഥാന സ്കൂൾ മീറ്റിൽ പങ്കെടുക്കാനായി കൊച്ചിയിലേക്ക് വരുന്നതിനു മുന്നോടിയായി നീലേശ്വരത്ത് പോയി നാലുദിവസം സിന്തറ്റിക് ട്രാക്കിൽ പരിശീലിച്ചു.
ആ നാലു ദിവസത്തെ സിന്തറ്റിക് ട്രാക്ക് അനുഭവ സമ്പത്തുമായാണ് കൊച്ചിയിലെ സ്വർണ കുതിപ്പ്. 12.40 സെക്കൻഡിൽ ഫിനിഷിംഗ് ലൈൻ കടന്ന് വിജയമുറപ്പിച്ച് നേരെ ഓടിയെത്തിയത് പിതാവ് അബ്ദുൾ ഹമീദിനരികിലെത്തി കെട്ടിപ്പുണർന്നു.