അമച്വര്‍ മീറ്റിൽ ആറാമൻ കൊച്ചിയിൽ ‘തങ്കലാൻ’
Sunday, November 10, 2024 1:19 AM IST
തോമസ് വര്‍ഗീസ്
കൊച്ചി: രണ്ടുമാസം മുമ്പ് ആറാമനായി പിന്തള്ളപ്പെട്ട് ആരുമറിയാതിരുന്ന വിജയ്കൃഷ്ണ ഇന്നലെ റിക്കാര്‍ഡുമായി മിന്നും താരമായി. തിരുവനന്തപുരം സായിയില്‍ രണ്ടു മാസം മുമ്പു നടന്ന സംസ്ഥാന സീനിയര്‍ അമച്വര്‍ മീറ്റില്‍ 20 വയസിന് താഴെയുള്ളവരുടെ 100 മീറ്ററില്‍ തൃശൂരിനുവേണ്ടി മത്സരിച്ച വിജയ് കൃഷ്ണ ആറാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടിരുന്നു.
സങ്കടപ്പെട്ട് മരത്തണലില്‍ ഇരിക്കുന്ന വിജയിന്റെ അടുത്തേക്ക് ട്രാക്കിലെ പ്രകടനം ശ്രദ്ധിച്ചിരുന്ന മംഗളൂരു ആല്‍വാസ് കോളജിലെ കായികാധ്യാപകനും മലയാളിയുമായ അജിത്കുമാറെത്തി. തന്റെകൂടെ മംഗളൂരുവിൽ പരിശീലനത്തിനായി വരുന്നോയെന്നായിരുന്നു ചോദ്യം.
മെഡല്‍ കിട്ടാത്ത തന്നോട് ഇത്തരത്തിലൊരു ചോദ്യവുമായെത്തിയത് കളിയാക്കാനാണോയെന്ന സംശയമായിരുന്നു വിജയിന്. കാര്യമായി ചോദിച്ചതാണെന്നും പരിശീലനത്തിനു വരുന്നോയെന്നും വീണ്ടും ചോദിച്ചതോടെ കൂടുതല്‍ ഒന്നും ചിന്തിച്ചില്ല. വീട്ടുകാരോടു പറഞ്ഞശേഷം പിറ്റേന്നുതന്നെ മംഗളൂരുവിലേക്ക് കോച്ച് അജിത്തിനൊപ്പം ട്രെയിന്‍ കയറി. രണ്ടു മാസത്തെ മികച്ച പരിശീലനവുമായി കൊച്ചിയിലേക്ക്.
ഇന്നലെ ട്രാക്കിലിറങ്ങുന്നതിനുമുമ്പ് ഗുരു അജിത് വിജയ് കൃഷ്ണയോടു പറഞ്ഞത് ഒന്നുമാത്രം - റിക്കാര്‍ഡുമായി ഫിനിഷ് ചെയ്യണം. റിക്കാര്‍ഡ് സ്വന്തമാക്കുമെന്ന് ഉറപ്പു നൽകി പോരാട്ടത്തിനിറങ്ങിയ വിജയ് 13.97 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്തപ്പോള്‍ 2018ല്‍ ബിഇഎംഎച്ച്എസ്എസ് പാലക്കാടിന്റെ സുര്‍ജിത് സ്ഥാപിച്ച 14.08 എന്ന റിക്കാര്‍ഡ് പഴങ്കഥയായി. തൃശൂര്‍ കാല്‍ഡിയന്‍ സിറിയന്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്ലസ്ടു വിദ്യാര്‍ഥിയാണ് വിജയ്.
കുന്നംകുളത്ത് കഴിഞ്ഞ വര്‍ഷം നടന്ന സ്കൂള്‍ മീറ്റില്‍ 100 മീറ്ററില്‍ ഫൗള്‍ സ്റ്റാര്‍ട്ടായി പുറത്തായ വിജയ് കൃഷ്ണ കൂടുതല്‍ ശാസ്ത്രീയ പരിശീലനം ലഭിച്ചാല്‍ മിന്നും പ്രകടനം നടത്തുമെന്ന് ഉറപ്പായിരുന്നുവെന്നും അതാണു തന്നോടൊപ്പം വരുന്നോയെന്നു ചോദിച്ചതെന്നും കോച്ച് അജിത്കുമാര്‍ പറഞ്ഞു.
മികച്ച് അത്ലറ്റായ വിജയ് കൃഷ്ണ കോവിഡ് കാലത്തിനു മുമ്പുവരെ ഹൈജംപിലായിരുന്നു ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. സ്കൂളിലെ കായികാധ്യാകന് പി.വി. ആന്റോയുടെ പ്രോത്സാഹനമാണു കായികരംഗത്ത് തനിക്കു തുടക്കത്തില്‍ കരുത്തായതെന്ന് വിജയ്കൃഷ്ണ പറഞ്ഞു.