പോൾവോൾട്ടിൽ അന്നും ഇന്നും ജീന
Saturday, November 9, 2024 3:38 AM IST
കൊച്ചി: കേവലം സ്വർണനേട്ടം കൊണ്ട് കൊച്ചിയിൽനിന്ന് മടങ്ങാൻ വന്നതായിരുന്നില്ല ജീന. തന്റെ അവസാനത്തെ സ്കൂൾമീറ്റ് അവിസ്മരണീയമാക്കണമെന്ന ദൃഢനിശ്ചയത്തിലായിരുന്നു ആ പ്ലസ്ടൂക്കാരി.
ഓരോ തവണ പോളിൽ കുത്തി ഉയരുന്പോഴും ആ ഇച്ഛാശക്തി അവളിൽ പ്രകടമായിരുന്നു. ഒടുവിൽ ഒൻപതു വർഷം മുൻപത്തെ റിക്കാർഡ് തുടച്ചുമാറ്റി, സീനിയർ പെൺകുട്ടികളുടെ പോൾവോൾട്ടിൽ സ്വന്തം പേര് എഴുതിച്ചേർത്ത് സ്കൂൾ മീറ്റിനോട് ബൈ പറഞ്ഞ് മടക്കം.
3.40 മീറ്റർ കീഴടക്കിയ ശേഷം റിക്കാർഡ് മറികടക്കാനായിരുന്നു പിന്നത്തെ ശ്രമം. കോച്ച് സി.ആർ. മധുവിന്റെ പ്രോൽസാഹനത്തോടെ 3.43 മീറ്റർ ലക്ഷ്യമിട്ട് ശ്രമം തുടങ്ങി. രണ്ടാം ചാൻസിൽ, 2015 പാലാ സെന്റ് മേരീസ് എച്ച്എസ്എസിലെ മരിയ ജെയ്സൺ കുറിച്ചിട്ട 3.42 മീറ്റർ എന്ന റിക്കാർഡ് മറികടന്നു.
തുടർന്ന് കൂടുതൽ ഉയരത്തിനായി ശ്രമിച്ചെങ്കിലും കാറ്റും മഴയും മൂലം ശ്രമം അവസാനിപ്പിക്കേണ്ടി വന്നു. 2020 മുതൽ പോൾവോൾട്ടിൽ തുടർച്ചയായി വിജയിയാണ് ജീന. കോതമംഗലം പുതുപ്പാടി വീട്ടിൽ ബേസിൽ വർഗീസിന്റെയും മഞ്ജുവിന്റെയും മകളാണ്.