പിറന്നാൾ സ്വർണം
Saturday, November 9, 2024 3:38 AM IST
കൊച്ചി: ജൂണിയര്‍ പെണ്‍കുട്ടികളുടെ പോള്‍വോള്‍ട്ടില്‍ ഒന്നാമതെത്തിയ കെ.എസ്. അമല്‍ചിത്രയുടെ പതിനഞ്ചാം ജന്മദിനമായിരുന്നു ഇന്നലെ. കരിയറിലെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്ത്, സ്വര്‍ണത്തിളക്കത്തോടെ പിറ്റിനു പുറത്തേക്കുവന്ന താരത്തെ പരിശീലകനും അച്ഛനും വരവേറ്റത് പിറന്നാള്‍ കേക്കുമായി.
കോതമംഗലം മാര്‍ ബേസിലിന്റെ സഫാനിയ നിറ്റുവിനെ മറികടന്നാണ് അമല്‍ചിത്ര സ്വര്‍ണം അണിഞ്ഞത്. സഫാനിയ കുറിച്ച 2.80 മീറ്റര്‍ മറികടന്ന് 2.90 മീറ്റര്‍ ഉയരം താണ്ടിയ അമല്‍ചിത്ര കൂടുതല്‍ ഉയരം കുറിക്കാനുള്ള ശ്രമമായിരുന്നു പിന്നീട്.
മൂന്നു വട്ടവും ലക്ഷ്യം കാണാതെ വന്നതോടെ പരിശീലകന് കെ.പി. അഖില്‍ മത്സരം അവസാനിപ്പിക്കാന്‍ നിര്‍ദേശിച്ചു. മലപ്പുറം ഐഡിയല്‍ ഇഎച്ച്എസ്എസ് കടകാശേരിയിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയാണ് അമല്‍ചിത്ര.
തൃശൂര്‍ താണിക്കുടം സ്വദേശിയായ കെ.പി. സുധീഷിന്റെയും വിജിതയുടെയും മകൾ. കഴിഞ്ഞ സ്കൂള്‍ കായികമേളയില്‍ അഞ്ചാം സ്ഥാനത്തായിരുന്നു. സംസ്ഥാന തലത്തില്‍ ആദ്യ മെഡല്‍ നേട്ടമാണിത്. നല്ലൊരു കരാട്ടെ അഭ്യാസികൂടിയായ അമല്‍ചിത്രയുടെ മെയ്വഴക്കം കണ്ടാണ് പരിശീലകന് അഖില്‍ പോള്‍വാള്‍ട്ടിലേക്ക് എത്തിച്ചത്.
സ്പ്രിന്റ് ഇനങ്ങളിലായിരുന്നു അതിനുമുന്‍പ് ശ്രദ്ധ നല്‍കിയിരുന്നത്. സ്വര്‍ണം നേടാനായതില്‍ സന്തോഷമുണ്ടെന്നും ഇത്തരമൊരു ജന്മദിനാഘോഷം ഇരട്ടി സന്തോഷമാണ് നല്‍കിയതെന്നും അമല്‍ചിത്ര പറഞ്ഞു.
സഫാനിയ നിറ്റു വെള്ളിയും പാലാ സെന്റ് തോമസ് എച്ച്എസ്എസിലെ ആന്‍ഡ്രി ആലി വിന്‍സെന്റ് വെങ്കലവും നേടി.