വിശ്രമം കഴിഞ്ഞു; ടെസ്റ്റ് തുടരും
Sunday, September 22, 2024 12:20 AM IST
ഗാലെ: ശ്രീലങ്ക x ന്യൂസിലൻഡ് ഒന്നാം ടെസ്റ്റ് ക്രിക്കറ്റ് വിശ്രമദിനത്തിനുശേഷം ഇന്നു വീണ്ടും തുടരും. നാലാംദിനമായ ഇന്നലെ വിശ്രമദിനം അനുവദിച്ചിരുന്നു.
ശ്രീലങ്കയിൽ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഇന്നലെ നടന്ന പശ്ചാത്തലത്തിലായിരുന്നു ടെസ്റ്റിനിടെ വിശ്രമദിനം അനുവദിച്ചത്. ലങ്കൻ താരങ്ങൾക്കു വോട്ട് ചെയ്യാനുള്ള സൗകര്യത്തിനുവേണ്ടിയായിരുന്നു വിശ്രമദിനം.
മൂന്നാംദിനം അവസാനിക്കുന്പോൾ ശ്രീലങ്ക രണ്ടാം ഇന്നിംഗ്സിൽ 237/4 എന്ന നിലയിലായിരുന്നു. ഒന്നാം ഇന്നിംഗ്സിൽ ലങ്ക 305ഉം ന്യൂസിലൻഡ് 340ഉം റണ്‍സ് നേടി.
തെരഞ്ഞെടുപ്പുകൾക്കായി ടെസ്റ്റിൽ വിശ്രമദിനം മുന്‍പും അനുവദിച്ചിട്ടുണ്ട്. 2008 ഡിസംബറിൽ ശ്രീലങ്കയും ബംഗ്ലാദേശും തമ്മിൽ നടന്ന മിർപുർ ടെസ്റ്റിനിടെയും വോട്ടിനായി വിശ്രമദിനം അനുവദിച്ചിരുന്നു. ബംഗ്ലാദേശ് പാർലമെന്റ് തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലായിരുന്നു അത്.