മോഹൻ ബഗാനെ ഷൂട്ടൗട്ടിൽ കീഴടക്കി ഡ്യൂറൻഡ് കപ്പ് കിരീടം നോർത്ത് ഈസ്റ്റ് യുണൈറ്റഡ് സ്വന്തമാക്കി
Sunday, September 1, 2024 12:25 AM IST
കോൽക്കത്ത: 2014 മുതൽ ഇന്ത്യൻ കാൽപ്പന്തുകളത്തിൽ പന്തുതട്ടുന്ന നോർത്ത് ഈസ്റ്റ് യുണൈറ്റഡ് കിരീടമില്ലാത്തവർ എന്ന നാണക്കേട് കഴുകിക്കളഞ്ഞു. 2024 ഡ്യൂറൻഡ് കപ്പ് ഫുട്ബോൾ കിരീടം സ്വന്തമാക്കിയാണ് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ക്ലബ് ചരിത്രത്തിലെ ആദ്യ ട്രോഫിയിൽ ചുംബിച്ചത്.
സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽനടന്ന ഫൈനലിൽ കോൽക്കത്തൻ വന്പന്മരായ മോഹൻ ബഗാൻ സൂപ്പർ ജയന്റ്സിനെ പെനാൽറ്റി ഷൂട്ടൗട്ടിലൂടെ 3-4നാണ് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സി കീഴടക്കിയത്.
നിശ്ചിത സമയത്ത് ഇരുടീമും 2-2 സമനില പാലിച്ചതോടെയാണ് ഷൂട്ടൗട്ട് അരങ്ങേറിയത്. 18-ാം ഡ്യൂറൻഡ് കപ്പ് ട്രോഫി എന്ന സ്വപ്ന നേട്ടത്തിനായെത്തിയ മോഹൻ ബഗാന്റെ പ്രതീക്ഷകൾ തകിടം മറിച്ചായിരുന്നു ഹൈലാൻഡേഴ്സ് എന്നറിയപ്പെടുന്ന നോർത്ത് ഈസ്റ്റിന്റെ കിരീടധാരണം.
മോഹൻ ബഗാനുവേണ്ടി ആർത്തിരന്പിയ ഗാലറിക്കു മുന്നിൽ ആദ്യപകുതിയിൽ നോർത്ത് ഈസ്റ്റ് രണ്ടു ഗോളിനു പിന്നിലായി. 11-ാം മിനിറ്റിൽ കമ്മിംഗ്സിന്റെ പെനാൽറ്റി ഗോളിൽ മോഹൻ ബഗാൻ ലീഡ് നേടി. മലയാളി താരം സഹൽ അബ്ദുൾ സമദിനെ ബോക്സിനുള്ളിൽ വീഴ്ത്തിയതിനായിരുന്നു നോർത്ത് ഈസ്റ്റിനെതിരേ റഫറി പെനാൽറ്റി വിധിച്ചത്.
ഇഞ്ചുറി ടൈമിന്റെ അഞ്ചാം മിനിറ്റിൽ സഹൽ അബ്ദുൾ സമദ് (45+5’) മോഹൻ ബഗാന്റെ രണ്ടാം ഗോളും സ്വന്തമാക്കി. കിരീടം ഉറപ്പിച്ച മട്ടിലായിരുന്നു മോഹൻ ബഗാൻ രണ്ടാം പകുതിക്കിറങ്ങിയത്. എന്നാൽ, 55-ാം മിനിറ്റിൽ മൊറോക്കൻ താരം അലാഡിൻ അജറൈയുടെ ഗോളിലൂടെ നോർത്ത് ഈസ്റ്റ് മത്സരത്തിലേക്കു തിരിച്ചെത്തി.
58-ാം മിനിറ്റിൽ സ്പാനിഷ് താരം ഗില്ലെർമൊ ഹീറോ നോർത്ത് ഈസ്റ്റിന്റെ സൂപ്പർ ഹീറോയായി ബഗാന്റെ വലകുലുക്കി. അതോടെ മത്സരം 2-2 സമനിലയിൽ. തുടർന്ന് വിജയഗോളിനായി ഇരുടീമും ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. അതോടെ ഷൂട്ടൗട്ട് കിരീട ജേതാവിനെ നിശ്ചയിച്ചു.