യുഎസ് ഓപ്പണിൽ നൊവാക് ജോക്കോവിച്ച് പുറത്ത്
Sunday, September 1, 2024 12:25 AM IST
ന്യൂയോർക്ക്: യുഎസ് ഓപ്പണ്‍ ടെന്നീസ് പുരുഷ സിംഗിൾസിൽ നിലവിലെ ചാന്പ്യനും 2024 പാരീസ് ഒളിന്പിക് സ്വർണ ജേതാവുമായ സെർബിയൻ സൂപ്പർ താരം നൊവാക് ജോക്കോവിച്ച് മൂന്നാം റൗണ്ടിൽ പുറത്ത്.
മൂന്നാം നന്പറായ സ്പെയിനിന്റെ കാർലോസ് അൽകരാസ് രണ്ടാം റൗണ്ടിൽ പുറത്തായതിനു പിന്നാലെയാണ് മറ്റൊരു വൻവീഴ്ചയ്ക്ക് ന്യൂയോർക്ക് ആർതർ ആഷെ സ്റ്റേഡിയം സാക്ഷ്യംവഹിച്ചത്.
28-ാം സീഡായ ഓസ്ട്രേലിയയുടെ അലക്സി പോപ്പിരിനാണ് ജോക്കോവിച്ചിനെ നാലു സെറ്റ് നീണ്ട മത്സരത്തിൽ അട്ടിമറിച്ചത്. സ്കോർ: 6-4, 6-4, 2-6, 6-4. മൂന്നാം സെറ്റിൽ മാത്രമാണ് ഓസീസ് താരത്തിനു മുന്നിൽ പിടിച്ചുനിൽക്കാൻ 24 ഗ്രാൻസ്ലാം സിംഗിൾസ് ട്രോഫികളുള്ള ജോക്കോവിച്ചിനു സാധിച്ചത്.
അതേസമയം, പുരുഷ സിംഗിൾസിൽ എട്ടാം സീഡായ നോർവെയുടെ കാസ്പർ റൂഡ്, 12-ാം സീഡ് അമേരിക്കയുടെ ടെയ്ലർ ഫ്രിറ്റ്സ്, നാലാം സീഡ് ജർമനിയുടെ അലക്സാണ്ടർ സ്വരേവ്, ആറാം സീഡ് റഷ്യയുടെ ആന്ദ്രെ റുബ്ലെവ്, ഒന്‍പതാം സീഡ് ബൾഗേറിയയുടെ ഗ്രിഗോർ ദിമിത്രോവ് തുടങ്ങിയവർ മൂന്നാം റൗണ്ട് ജയിച്ച് പ്രീക്വാർട്ടറിൽ പ്രവേശിച്ചു.
22 വർഷത്തിനുശേഷം
പ്രീക്വാർട്ടറിൽ പോലും പ്രവേശിക്കാതെ ജോക്കോവിച്ച് പുറത്തായതോടെ മറ്റൊരു ചരിത്രവും കുറിക്കപ്പെട്ടു. നീണ്ട 22 വർഷത്തിനുശേഷമാണ് റോജർ ഫെഡറർ, റാഫേൽ നദാൽ, നൊവാക് ജോക്കോവിച്ച് ത്രയത്തിൽ ആരും ഗ്രാൻസ്ലാം നേടാതിരിക്കുന്നത്.
2024 സീസണിൽ ജോക്കോവിച്ചിന് ഗ്രാൻസ് ലാം കിരീടം ലഭിച്ചില്ല. യുഎസ് ഓപ്പണിൽ 2006നുശേഷം ആദ്യമായാണ് ജോക്കോവിച്ച് മൂന്നാം റൗണ്ടിൽ പുറത്താകുന്നത്. അന്ന് 19-ാം വയസിൽ ലെയ്റ്റണ്‍ ഹെവിറ്റിനോടു പരാജയപ്പെട്ടാണ് ജോക്കോവിച്ച് മൂന്നാം റൗണ്ടിൽ പുറത്തായത്.
സബലെങ്ക പ്രീക്വാർട്ടറിൽ
വനിതാ സിംഗിൾസിൽ ബെലാറൂസിന്റെ അരീന സബലെങ്ക പ്രീ ക്വാർട്ടറിൽ. മൂന്നാം റൗണ്ടിൽ റഷ്യയുടെ എകറ്റെറിന അലക്സാഡ്രോവയ്ക്കെതിരേ ആദ്യ സെറ്റ് നഷ്ടപ്പെട്ടശേഷം തിരിച്ചുവരവു ജയം സ്വന്തമാക്കിയാണ് സബലെങ്ക പ്രീക്വാർട്ടറിൽ പ്രവേശിച്ചത്.
സ്കോർ: 2-6, 6-1, 6-2.
നിലവിലെ കിരീട ജേതാവായ അമേരിക്കയുടെ കൊക്കൊ ഗൗഫ്, ഏഴാം സീഡ് ചൈനയുടെ ഷെങ് ക്വിൻവെൻ തുടങ്ങിയവരും പ്രീക്വാർട്ടറിൽ പ്രവേശിച്ചു.