ടീമിന്റെ തയാറെടുപ്പുകളില്‍ ആശങ്ക
Thursday, August 29, 2024 11:40 PM IST
കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ലീഗ് സീസണ് അടുത്തമാസം ആരംഭിക്കാനിരിക്കേ, കേരള ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റിനെതിരേ ആരാധക കൂട്ടായ്മയായ മഞ്ഞപ്പട. പുതിയ സീസണിനായുള്ള ടീമിന്റെ തയാറെടുപ്പുകളില്‍ ആശങ്ക പ്രകടിപ്പിച്ചാണു മഞ്ഞപ്പടയുടെ പരസ്യപ്രസ്താവന.
അടിസ്ഥാന സൗകര്യങ്ങള്‍, കളിക്കാരുടെ സൈനിംഗ് തുടങ്ങിയ കാര്യങ്ങളില്‍ ക്ലബ്ബിന്റെ വ്യക്തതയില്ലായ്മയില്‍ നിരാശയും പ്രതിഷേധവുമുണ്ടെന്ന് മഞ്ഞപ്പടയുടെ ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു.
സെപ്റ്റംബര്‍ 15നാണ് ലീഗില്‍ ബ്ലാസ്റ്റേഴ്സിന്റെ ആദ്യമത്സരം. ദിവസങ്ങള്‍ ബാക്കിനില്‍ക്കേ മധ്യനിരയിലും മുന്നേറ്റത്തിലും മുന്താരങ്ങള്ക്കു പകരക്കാരെ എത്തിക്കാന്‍പോലും ബ്ലാസ്റ്റേഴ്സിനു കഴിഞ്ഞിട്ടില്ല.
പുതിയ സീസണ് ആരംഭിക്കാന്‍ അധികം സമയം ഇല്ലാത്തതിനാല്‍ പ്രശ്നങ്ങള്‍ വേഗത്തിലും ഫലപ്രദമായും പരിഹരിക്കേണ്ടതുണ്ട്. ടീമിനു മികവിലേക്കുയരാന്‍ ആവശ്യമായ താരങ്ങളെയും മികച്ച അന്തരീക്ഷവുമൊരുക്കാന്‍ മാനേജ്മെന്റ് തയാറാകണമെന്നാണു മഞ്ഞപ്പടയുടെ ആവശ്യം.
ക്ലബ്ബിനൊപ്പം ഒരു പതിറ്റാണ്ടിലേറെയായി അടിയുറച്ചു നില്‍ക്കുന്നവരാണ് മഞ്ഞപ്പട എന്ന ആമുഖത്തോടെ തുടങ്ങിയ പ്രസ്താവനയിലാണു നിലവിലെ പ്രശ്നങ്ങള്‍ അക്കമിട്ടു നിരത്തിയിരിക്കുന്നത്. നേരത്തേ ചൂണ്ടിക്കാട്ടിയ പ്രശ്നങ്ങള്‍ ഉള്‍പ്പെടെ അതിവേഗം പരിഹരിക്കണമെന്നും പ്രസ്താവനയില്‍ അവര്‍ ആവശ്യപ്പെടുന്നു.
ശുചിമുറി, സീറ്റ് അടക്കമുള്ള സൗകര്യങ്ങള്‍ ഒരുക്കുന്നതിലും കഴിഞ്ഞ സീസണുകളില്‍ ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് കാര്യമായ താത്പര്യം കാണിച്ചിരുന്നില്ല. ഇതും ആരാധകരുടെ വലിയ പ്രതിഷേധത്തിനു കാരണമായിട്ടുണ്ട്.
തിരുവോണ ദിനത്തിലാണ് ഐഎസ്എല്‍ 11-ാം സീസണിലെ ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരം. കൊച്ചി ജവഹർലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ പഞ്ചാബ് എഫ്സിയാണ് എതിരാളികള്‍.