ബ്ലാസ്റ്റേഴ്സ് ഓണം
Wednesday, August 21, 2024 11:56 PM IST
കോട്ടയം: ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) ഫുട്ബോളിൽ കേരളത്തിന്റെ ഏക സാന്നിധ്യമായ കേരള ബ്ലാസ്റ്റേഴ്സ് എഫ്സി 2024-25 സീസണിലെ ആദ്യപോരാട്ടത്തിനായി ഓണദിനത്തിൽ ആരാധകർക്കു മുന്നിലെത്തുമെന്നു സൂചന. 2024-25 ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യമത്സരം സെപ്റ്റംബർ 15, 16 തീയതികളിലൊന്നിൽ നടക്കുമെന്നാണ് റിപ്പോർട്ട്.
കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലായിരിക്കും ബ്ലാസ്റ്റേഴ്സിന്റെ സീസണ് ഉദ്ഘാടന പോരാട്ടമെന്നും സൂചനയുണ്ട്. അതേസമയം, 2024-25 സീസണ് ഐഎസ്എൽ ഫിക്സ്ചർ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
സെപ്റ്റംബർ 13 മുതലാണ് 2024-25 ഐഎസ്എൽ സീസണ് ആരംഭിക്കുന്നത്. വരുംദിനങ്ങളിൽ ഫിക്സചർ പ്രഖ്യാപിക്കും. സെപ്റ്റംബർ 15നാണ് തിരുവോണം.
ഡ്യൂറൻഡ് ക്വാർട്ടർ
സ്വീഡിഷ് പരിശീലകനായ മൈക്കിൾ സ്റ്റാറെയുടെ ശിക്ഷണത്തിലിറങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സ് നിലവിൽ ഡ്യൂറൻഡ് കപ്പ് ക്വാർട്ടർ പോരാട്ടത്തിനൊരുങ്ങുകയാണ്. നാളെ നടക്കുന്ന ക്വാർട്ടറിൽ കേരള ബ്ലാസ്റ്റേഴ്സ് ചിരവൈരികളായ ബംഗളൂരു എഫ്സിയെ നേരിടും.
രാത്രി ഏഴിന് കോൽക്കത്ത സാൾട്ട് ലേക്ക് സ്റ്റേഡിയത്തിലാണ് മത്സരം. രണ്ടു ജയവും ഒരു സമനിലയുമായി ഗ്രൂപ്പ് സി ചാന്പ്യന്മാരായി ബ്ലാസ്റ്റേഴ്സ് ക്വാർട്ടറിലെത്തി. ബ്ലാസ്റ്റേഴ്സിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ മാർജിനിൽ മുംബൈ സിറ്റി എഫ്സിയെ (8-0) കീഴടക്കിയാണ് മൈക്കിൾ സ്റ്റാറെയുടെ ശിക്ഷണത്തിനു കീഴിലുള്ള പോരാട്ടം ആരംഭിച്ചത്.
136 വർഷം പഴക്കമുള്ള ഡ്യൂറൻഡ് കപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ ജയത്തിനൊപ്പമാണിതെന്നതും ശ്രദ്ധേയം.